പിണറായിയില്‍ പ്രകടനത്തിന് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തലശ്ശേരി: ധര്‍മടം മണ്ഡലത്തിലെ പിണറായിയില്‍ സിപിഎമ്മിന്റെ ആഹ്ലാദപ്രകടനത്തിനിടെ ബോംബേറ്. ആക്രമണത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹനം കയറി സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പിണറായി പടിഞ്ഞിറ്റാന്‍ മുറിയിലെ കരിന്താങ്കണ്ടി സി വി രവീന്ദ്രന്‍(55) ആണ് മരിച്ചത്. പിണറായി കമ്പിനിമെട്ടയ്ക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണു സംഭവം.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ ലോറിയില്‍ പ്രകടനം നടത്തുന്നതിനിടെ വാഹനത്തിനു നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കു ചാടി. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കയറിയാണ് രവീന്ദ്രന്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബോംബേറില്‍ പരിക്കേറ്റ പിണറായി പുതിയപറമ്പത്ത് വീട്ടില്‍ കുമാരന്റെ മകന്‍ പ്രസൂണ്‍(21), കരുവാങ്കണ്ടി വീട്ടില്‍ വാസുവിന്റെ മകന്‍ മീനാക്ഷ്(32), ചന്ത്രോത്ത് ഹൗസില്‍ ലക്ഷ്മണന്റെ മകന്‍ ലിജു (29), മാണിയത്ത് വീട്ടില്‍ ലിജിയുടെ മകന്‍ ആദര്‍ശ്(17), മാണിയത്ത് ഹൗസില്‍ നിവേദ് (21), പിണറായിയിലെ സായൂജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്കു കൊണ്ടുപോയി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, പി കെ ശ്രീമതി എംപി, എം വി ജയരാജന്‍, കെ കെ രാഗേഷ് എംപി എന്നിവര്‍ ആശുപത്രിയിലെത്തി.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം പിണറായി ഏരിയാ കമ്മിറ്റി ധര്‍മടം, പിണറായി, കോട്ടയം, വേങ്ങാട് പഞ്ചായത്തുകളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയില്‍ സിപിഎം ആഹ്ലാദപ്രകടനം ഒഴിവാക്കി പ്രതിഷേധപ്രകടനം നടത്തും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമം അരങ്ങേറി. രവീന്ദ്രന്റെ ഭാര്യ: ഗീത. മക്കള്‍: രഥിന്‍, ജിതിന്‍.
Next Story

RELATED STORIES

Share it