kasaragod local

പിടിച്ചുപറി സംഘത്തിലെ വനിതകള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്

കാസര്‍കോട്: ആഘോഷവേളകളില്‍ പിടിച്ചുപറിക്കെത്തുന്ന തമിഴ്‌നാടോടി സംഘത്തിലെ വനിതകള്‍ക്കെതിരെ പോലിസ് ലുക്ക്ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ചു.
ഉറൂസ്, തെയ്യംകെട്ട്, ഉല്‍സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വ്യാപകമായി പോക്കറ്റടിയും പിടിച്ചുപറിയും നടക്കുന്ന സാഹചര്യത്തിലാണ് പത്തോളം തമിഴ് സ്ത്രീകള്‍ക്കെതിരേ കാസര്‍കോട് പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരുടെ ഫോട്ടകള്‍ പോലിസ് പുറത്തുവിട്ടു.
50ഓളം വരുന്ന സംഘമാണ് ജില്ലയുടെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കാസര്‍കോടും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്ന തമിഴ്‌നാടോടികളാണ് ഭൂരിഭാഗം പേരും.
നേരത്തെ നിരവധി പിടിച്ചുപറി, പോക്കറ്റടി കേസുകളില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കല്ല്യാണം നടക്കുന്ന ഹാളുകള്‍, ഉല്‍സവ, ഉറൂസ്, മതപ്രഭാഷണ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ പര്‍ദ്ദ ധരിച്ചാണ് സംഘം എത്തുന്നത്.
കുട്ടികളുടെ കഴുത്തിലും കാതിലുമുള്ള സ്വര്‍ണാഭരണങ്ങളും സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും സ്‌നേഹം നടിച്ച് തട്ടിയെടുക്കുകയാണ് ഇവരുടെ രീതിയെന്ന് പോലിസ് പറഞ്ഞു. അനധികൃതമായി തങ്ങുന്ന നാടോടികള്‍ക്കെതിരെ പോലിസ് കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
കാഞ്ഞങ്ങാട്: റെയില്‍വേ സ്‌റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അസി. മാനേജര്‍ മോഹന്‍ എ മേനോന്റെയും പി കരുണാകരന്‍ എംപിയുടെയും നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി. റെയില്‍വേ സ്‌റ്റേഷനിലെ മൂന്ന് പ്ലാറ്റ് ഫോമുകള്‍ക്കും ആവശ്യമായ മേല്‍ക്കൂര പണിയാന്‍ നടപടിയെടുക്കും. പ്ലാറ്റ്‌ഫോമുകളില്‍ അടര്‍ന്ന് പോയ സിമന്റ് പലകകള്‍ മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിക്കും.
റെയില്‍വേസ്‌റ്റേഷന്റെ തെക്കുഭാഗത്ത് എകെജി ക്ലബ്ബിന് മുന്‍വശത്ത് കൂടെ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ കടക്കാതെയുള്ള നടപ്പാലം പണിയണമെന്ന ആവശ്യം എംപി, എംഎല്‍എ ഫണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം ലഭിക്കുകയാണെങ്കില്‍ റെയില്‍വേ മേല്‍നോട്ടത്തില്‍ നിര്‍മിച്ച് നല്‍കാന്‍ റെയില്‍വേ സന്നദ്ധമാകും. റെയില്‍വേസ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ യതീംഖാനയുടെ മുമ്പിലുള്ള റോഡ് ഒരറ്റത്തേക്ക് മാറ്റാന്‍ നഗരസഭ പണം മുടക്കിയാല്‍ റെയില്‍വേ സന്നദ്ധമാകുമെന്ന് എഡിആര്‍എം അറിയിച്ചു.
സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് അരിമല ഹോസ്പിറ്റലിന് മുന്നിലൂടെയുള്ള റോഡ് നഗരസഭ റോഡുമായി ബന്ധിപ്പിക്കുന്നതിന് ഇപ്പോഴുള്ള തടസ്സം നീക്കുന്ന കാര്യം പരിഗണിക്കും. സ്‌റ്റേഷന്റെ വടക്ക്ഭാഗത്തെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മാലിന്യം കെട്ടി നില്‍ക്കുന്ന റെയില്‍വേ സ്ഥലം പൂര്‍ണ്ണമായും നികത്തി വാഹന പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്താന്‍ നടപടി സ്വീകരിക്കും.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ മധുക്കര്‍, എഡിഎന്‍ ഏഴിലന്‍, ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍, ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ വല്‍സന്‍ കുനിയില്‍, കാഞ്ഞങ്ങാട് സ്‌റ്റേഷന്‍ സൂപ്രണ്ട് ജയരാജ് മേനോന്‍, നഗരവികസന സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്‌ലം, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം വിനോദ്, എന്‍ജിനീയര്‍ എം എസ് പ്രദീപ്, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍, എം ഹമീദ്ഹാജി തെക്കേപ്പുറം സംബന്ധിച്ചു.
Next Story

RELATED STORIES

Share it