Kerala

പിടിച്ചുനിന്നിട്ടും ചിറകൊടിഞ്ഞ് ലീഗ്; പലയിടത്തും രക്ഷപ്പെട്ടത് നിസ്സാര വോട്ടിന്

പിടിച്ചുനിന്നിട്ടും ചിറകൊടിഞ്ഞ് ലീഗ്;  പലയിടത്തും രക്ഷപ്പെട്ടത് നിസ്സാര വോട്ടിന്
X
IUML-flag_finalസമീര്‍ കല്ലായി

മലപ്പുറം: സംസ്ഥാനത്തൊട്ടാകെ വീശിയ ഇടത് കൊടുങ്കാറ്റില്‍ യുഡിഎഫില്‍ പിടിച്ചുനിന്നത് ലീഗ് മാത്രം. അതേസമയം സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതും ജയിച്ചിടങ്ങളില്‍ ഭൂരിപക്ഷം നന്നേ കുറഞ്ഞതും ലീഗിന്റെ ചിറകൊടിച്ചു. കൊടുവള്ളി, തിരുവമ്പാടി, താനൂര്‍ സീറ്റുകളാണ് ലീഗിനു നഷ്ടമായത്. ഇതില്‍ താനൂര്‍ ലീഗിന്റെ ഹരിത പതാകയല്ലാതെ നിലംതൊടുവിക്കാത്ത മണ്ഡലമായിരുന്നു. കഴിഞ്ഞ തവണ 9,433 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഇപ്രാവശ്യം 4,918 വോട്ടുകള്‍ക്കാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ മലര്‍ത്തിയടിച്ചത്.
കൊടുവള്ളിയില്‍ ലീഗ് വിമതന്‍ എം എ റസാഖ് 573 വോട്ടുകള്‍ക്കാണ് എം എ റസാഖ് മാസ്റ്ററെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 16,552 വോട്ടുകള്‍ക്ക് ലീഗിലെ വി എം ഉമ്മര്‍മാസ്റ്റര്‍ വിജയിച്ച മണ്ഡലമാണിത്. തിരുവമ്പാടിയില്‍ 3,008 വോട്ടുകള്‍ക്കാണ് ജോര്‍ജ് എം തോമസ് വി എം ഉമ്മര്‍ മാസ്റ്ററെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ലീഗിലെ സി മോയിന്‍കുട്ടി 3,833 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്. മോയിന്‍കുട്ടിക്ക് സീറ്റ് നിഷേധിച്ചതും ഉമ്മര്‍ മാസ്റ്ററെ കൊടുവള്ളിയില്‍നിന്നു മാറ്റിയതുമാണ് ലീഗിനു വിനയായത്. കുറ്റിയാടി പിടിച്ചെടുത്തതുമാത്രമാണ് ലീഗിന് ആശ്വസിക്കാനുളളത്. ഇവിടെ 1,157 വോട്ടുകള്‍ക്കാണ് പാറക്കല്‍ അബ്ദുല്ല രക്ഷപ്പെട്ടത്.
ജയിച്ചിടത്തെല്ലാം വന്‍തോതില്‍ ഭൂരിപക്ഷം കുറഞ്ഞതും ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കോട്ടക്കലില്‍ 20,860 വോട്ടുകളുടെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. വള്ളിക്കുന്നില്‍ 5,512ഉം മഞ്ചേരിയില്‍ 9,463ഉം മലപ്പുറത്ത് 8,836ഉം കൊണ്ടോട്ടിയില്‍ 17,495ഉം തിരൂരില്‍ 16,505ഉം തിരൂരങ്ങാടിയില്‍ 24,165ഉം പെരിന്തല്‍മണ്ണയില്‍ 9,010ഉം മങ്കടയില്‍ 22,085ഉം വോട്ടുകളുടെ കുറവാണ് ഭൂരിപക്ഷത്തില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തിനു വിജയിച്ച മങ്കടയില്‍ ടി എ അഹമ്മദ് കബീറും പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മങ്കടയില്‍ 1508, പെരിന്തല്‍മണ്ണയില്‍ 579 എന്നിങ്ങനെയാണ് ലീഡ്‌നില. ലീഗ് കോട്ടയായ തിരൂരില്‍ 7,061 വോട്ടുകള്‍ക്കു മാത്രമാണ് സിറ്റിങ് എംഎല്‍എ സി മമ്മുട്ടി വിജയിച്ചത്.
തിരൂരങ്ങാടിയില്‍ അവസാനം വരെ പിന്നില്‍ പോയ മന്ത്രി അബ്ദുറബ്ബ് 6,043 വോട്ടുകള്‍ക്കാണ് വിയര്‍ത്ത് ജയിച്ചത്. മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുല്‍റസാഖ് മറുകര പറ്റിയത്. കാസര്‍കോട് ഭൂരിപക്ഷത്തില്‍ എന്‍ എ നെല്ലിക്കുന്നിന് 1,131 വോട്ടുകളുടെ കുറവ് സംഭവിച്ചു. വേങ്ങരയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കു മാത്രമാണ് ലീഗില്‍ കാര്യമായി പരിക്കേല്‍ക്കാതിരുന്നത്. ഭൂരിപക്ഷത്തില്‍ 180 വോട്ടുകളുടെ കുറവു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുണ്ടായത്. പുനലൂരില്‍ എ യൂനുസ് കുഞ്ഞ് ഇത്തവണ 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടിയറവു പറഞ്ഞത്. ബാലുശ്ശേരിയില്‍ 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു സി രാമനും തോറ്റു. ഗുരുവായൂരില്‍ 9,968ല്‍നിന്ന് 15,098 വോട്ടകള്‍ക്ക് ലീഗിന് അടിയറവു പറയേണ്ടി വന്നു. മണ്ണാര്‍ക്കാട്, കോഴിക്കോട് സൗത്ത്, കളമശ്ശേരി, അഴീക്കോട്, ഏറനാട് മണ്ഡലങ്ങളില്‍ മാത്രമാണ് ലീഗിന് നില മെച്ചപ്പെടുത്താനായത്.
Next Story

RELATED STORIES

Share it