പിടഞ്ഞുവീഴാന്‍ മാത്രമല്ല നിരത്തുകള്‍

ശിവ് വിശ്വനാഥന്‍

റോഡപകടങ്ങളെ സംബന്ധിച്ചു നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളിലും നിരത്തുകളില്‍ പിടഞ്ഞുവീണു ജീവന്‍ നഷ്ടമാവുന്ന മനുഷ്യരോടുള്ള സമൂഹത്തിന്റെ നിലപാടുകളിലും ഗൗരവമായ പരിചിന്ത അനിവാര്യമാണ്. പൊതുസമൂഹം ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദരായ കാഴ്ചക്കാരെപ്പോലെയാണു പെരുമാറുന്നത്. എന്തുചെയ്യാനാവും എന്ന ഒരു നിലപാടാണു സമൂഹത്തിന്. ഒരുതരം കടുത്ത നിസ്സഹായാവസ്ഥ. കഴിഞ്ഞ ദിവസം റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പുറത്തുവിട്ട ചില കണക്കുകള്‍ ഇതാ: 2015ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മൊത്തം കൊല്ലപ്പെട്ടത് 1,46,133 പേര്‍. ഇതു തൊട്ടുമുമ്പ് വര്‍ഷത്തെ 1,39,671ലും വളരെ അധികമാണ്. ഓരോ ദിനവും ഇന്ത്യയിലെ നിരത്തുകളില്‍ 400 പേര്‍ പിടഞ്ഞുവീണു മരിക്കുന്നു. ഈ അപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടു സംഭവിക്കുന്നതാണ്. അതില്‍ തന്നെ 62 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് അമിത വേഗം കാരണമാണ്.
സത്യം പറഞ്ഞാല്‍ ഒരു ഭ്രമാത്മക ശാസ്ത്രനോവല്‍ എഴുതണമെന്നു തോന്നിയാല്‍ ഞാന്‍ ആരംഭിക്കുക റോഡപകടങ്ങളിലാണ്. ഈ മരണങ്ങളും അവ റിപോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയും അത്തരത്തിലുള്ള പ്രതിഭാസങ്ങളാണ്. വാര്‍ത്തകളില്‍ കൊല്ലപ്പെട്ട ആളെ സംബന്ധിച്ച വിവരങ്ങളൊന്നും കാര്യമായി കാണാറില്ല. അവര്‍ വെറും അക്കങ്ങള്‍ മാത്രമാണ്; അദൃശ്യരായ മനുഷ്യര്‍. അവരുടെ മരണം എങ്ങനെ നമ്മെ ബാധിക്കുന്നു എന്നു ചിന്തിക്കാനിടകിട്ടും മുമ്പ് ലേഖകന്‍ നയപരമായ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കും. മരണം സ്ഥിതിവിവരക്കണക്കുകളുടെ രൂപത്തില്‍ പുറത്തുവരുമ്പോള്‍ അതിന്റെ ഭയാനകത മൂടിവയ്ക്കപ്പെടുകയാണ്. അതു നിത്യജീവിതത്തിലെ സാധാരണ സംഭവമായി മാറുകയാണ്. ഇതിനോടുള്ള സാമൂഹിക പ്രതികരണം പോലും നമുക്കു കൃത്യമായി പ്രവചിക്കാനാവും. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു പ്രതികരിക്കുന്ന പോലിസ് ഉദ്യോഗസ്ഥനോ മന്ത്രിയോ പ്രധാനമായും സംസാരിക്കുക ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചാവും. ഉടനുള്ള പരിഹാരമാര്‍ഗങ്ങളും അവര്‍ നിര്‍ദേശിക്കും. റോഡുകളില്‍ കൂടുതല്‍ ഹംപുകള്‍ സ്ഥാപിക്കും; വേഗത നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരും; കൂടുതല്‍ ആംബുലന്‍സുകളും സിസിടിവി സംവിധാനങ്ങളും ലഭ്യമാക്കും എന്നിങ്ങനെയാവും പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെടുന്നത്.
ഇത്തരം മരണങ്ങള്‍ എങ്ങനെയാവും അതിനു വിധേയരാവുന്നവര്‍ അനുഭവിക്കുന്നത് എന്ന് ആലോചിച്ചു ഞാന്‍ ചകിതനാവാറുണ്ട്. അങ്ങനെ കൊല്ലപ്പെടുന്നയാള്‍ ഒരു പൗരന്‍ പോലുമല്ല. ആകെ പത്രങ്ങളില്‍ വരാനിടയുള്ളത് ഇങ്ങനെ രണ്ടു വരിയാവും: 'അജ്ഞാതനായ ഒരാള്‍ കാറിടിച്ചു മരിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ടു'. ഈ അപകട വൃത്താന്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ആരും അതേക്കുറിച്ചു ഉല്‍ക്കണ്ഠാകുലരല്ല എന്ന യാഥാര്‍ഥ്യമാണ്. ഈ വര്‍ധിച്ചുവരുന്ന മരണസംഖ്യ ആരുടെയും ഉറക്കം കെടുത്തുന്നില്ല. കവികളോ കലാകാരന്‍മാരോ അതിന്റെ ഭീകരതയോടു പ്രതികരിക്കുന്നില്ല. മരണത്തോടുള്ള നമ്മുടെ സമീപനത്തെ ഇതിനേക്കാള്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന മറ്റ് ഉദാഹരണങ്ങള്‍ അധികമില്ല. ഒരാള്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നു; ഇടിച്ച വാഹനം ഓടിച്ചു പോവുന്നു. ആരും അതിനോടു പ്രതികരിക്കുന്നില്ല. ആരും മരണത്തെക്കുറിച്ചു വ്യാകുലപ്പെടുന്നില്ല. പരേതനെക്കുറിച്ചു പരിതപിക്കുന്നില്ല. ആരെയും കാര്യമായി ബാധിക്കാത്ത ഏതോ ഒരു സാധാരണസംഭവം എന്ന മട്ടില്‍ അത് അവഗണിക്കപ്പെടുന്നു.
ഈ മരണങ്ങളെ കൃത്യമായി നിര്‍വചിക്കുകയെന്നതും പ്രയാസമാണ്. ഏതെങ്കിലും ഒരു വൈറസ് ബാധ കാരണം പകര്‍ച്ചവ്യാധി പോലെ ഉണ്ടാവുന്ന മരണമല്ല അത്. ദൈവം ഒരാളുടെ ജീവിതാന്ത്യത്തില്‍ അയാളെ തിരിച്ചുവിളിക്കുന്നതുമല്ല. എന്നിട്ടും, ഒരു യുദ്ധമോ മാരകരോഗമോ കൊല്ലുന്നതിലേറെ ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുമുണ്ട്. ആരോ ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മവരുന്നു: 'റോഡ് ദുരന്തങ്ങള്‍ ഇല്ലാതാക്കാത്ത കാലത്തോളം സ്മാര്‍ട്ട് സിറ്റികള്‍ പണിയാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. ഇത്തരം മരണങ്ങളുടെ അനിവാര്യത ഒഴിവാക്കപ്പെടാതെ ഒരിക്കലും നിങ്ങള്‍ക്ക് സ്മാര്‍ട്ടാവാനും കഴിയില്ല'. ഒരു നഗരത്തിലെ ജനജീവിതം എങ്ങനെ എന്നു നമ്മള്‍ നിശ്ചയിക്കുന്നത് അവിടെ നിരത്തുകളില്‍ നടക്കുന്ന ദുരന്തമരണങ്ങളുടെ പശ്ചാത്തലത്തിലാണ്.
എന്നാല്‍ ഏറ്റവും വേദനാജനകമായ വശം വളരെ കുറച്ചുപേര്‍ മാത്രമാണ് ഈ വിഷയം അതിന്റെ ഗൗരവത്തോടെ പരിഗണനയിലെടുക്കുന്നത് എന്നതാണ്. അവ ഒറ്റപ്പെട്ട സംഭവങ്ങളായാണു കണക്കാക്കപ്പെടുന്നത്. എന്നാല്‍ അവ അങ്ങനെയല്ല. എന്‍ജിനീയറിങ് വൈകല്യവും പോലിസിന്റെ അശ്രദ്ധയും തെറ്റായ ആസൂത്രണവും പൗരബോധത്തിന്റെ കുറവും ഒക്കെ ഇതില്‍ പങ്കാളികളാണ്. ഏറ്റവും വേദനാജനകം നമ്മുടെ നിയമസാമാജികരും ഈ ദുരന്തങ്ങളെ അവഗണിച്ചു തള്ളുന്നു എന്നതാണ്. നിയമങ്ങളിലും അതേ സമീപനമാണ് നമുക്കു കാണാന്‍ കഴിയുക.
എന്നാല്‍ നിരത്തുകള്‍ എന്നതിനെ സംബന്ധിച്ചു പുതിയൊരു അവബോധം തന്നെ സൃഷ്ടിക്കാതെ ഈ ദുരന്തങ്ങളെ നേരിടാന്‍ നമുക്കു സാധ്യമാവുകയില്ല. അത് വാഹനങ്ങള്‍ക്കു കടന്നുപോവാനുള്ള ഒരു ഇടം മാത്രമല്ല; അത് പൗരജനങ്ങള്‍ ഒന്നിച്ചുചേരുന്ന പ്രദേശം കൂടിയാണ്. അത് ജനജീവിതത്തിന്റെ ഒരു അനിവാര്യ ഭാഗമാണ്. അത് ഉപജീവനം തേടുന്ന മനുഷ്യരുടെ ജനപഥമാണ്. അത് വിവിധ ജനങ്ങളുടെ പാരസ്പര്യത്തിന്റെ ഒരിടമാണ്. എന്നാല്‍ അപകടങ്ങള്‍ ഈ സാമൂഹിക സാധ്യതകളെയെല്ലാം മായ്ചു കളയുന്നു.
വികസ്വരദേശങ്ങളില്‍ ഒരു റോഡ് വെറുമൊരു പാത മാത്രമല്ല; അതൊരു ജീവിതരീതി കൂടിയാണ്. അവിടെ തെരുവുകച്ചവടക്കാരുണ്ട്; തെണ്ടികളുണ്ട്; അലഞ്ഞുനടക്കുന്ന കൂട്ടരുണ്ട്; തെരുവുപട്ടികളും മറ്റു ജീവികളുമുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ റഘുറായ് 1964ല്‍ പകര്‍ത്തിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമുണ്ട്: 'ഡല്‍ഹി ചൗരി ബസാറിലെ ഗതാഗതം. അത് വാഹനങ്ങളെ മാത്രമല്ല അതിലൂടെ കടന്നുപോവുന്ന ജീവിതത്തിന്റെ സകല വൈവിധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും പാരസ്പര്യത്തെ അത് വ്യക്തമാക്കുന്നു. റോഡ് വാഹനങ്ങള്‍ക്ക് അതിവേഗം കടന്നുപോവാനുള്ള ഇടങ്ങള്‍ മാത്രമാവുമ്പോള്‍ മരണം അതിന്റെ അനിവാര്യ ഭാഗമാവുന്നു. അത് സമൂഹം അറിയാതെ അംഗീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു.
റോഡുകള്‍ സമൂഹത്തിന്റെ പൊതു ഇടമാണ്. അവ പക്ഷേ, നമുക്കു നഷ്ടമാവുകയാണ്. സാങ്കേതികമായി, രണ്ടു പ്രദേശങ്ങള്‍ക്കിടയിലെ അകലമാണ് നിരത്തുകള്‍ അടയാളപ്പെടുത്തുന്നത്. എന്നാല്‍ ഇന്ന് അലക്ഷ്യമായാണു നിരത്തുകള്‍ ഉപയോഗിക്കപ്പെടുന്നത്. എന്നിരുന്നാലും അവ സാമൂഹികമായ ഒരു ഉല്‍പന്നമാണ്. മാനസികമായി അതു വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ്. പക്ഷേ, ഈ സ്വാതന്ത്ര്യം അമിതവേഗത്തിന്റെ രൂപത്തില്‍ നാം സ്വയം ഇല്ലായ്മ ചെയ്യുകയാണ്.
സമൂഹത്തിന്റെ നിലപാടുകളും പ്രധാനമാണ്. വേഗമാണ് നിരത്തിലെ പ്രധാന ഘടകമെങ്കില്‍ അവിടെ പൊതു ഇടങ്ങളിലെ പൗരാവകാശങ്ങളാണ് ധ്വംസിക്കപ്പെടുന്നത്. ഓര്‍ക്കേണ്ട കാര്യം, ഇന്ത്യയില്‍ നിരത്തുകള്‍ വാഹനങ്ങള്‍ക്കു പറക്കാന്‍ മാത്രമല്ല; ഉറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് രാത്രി തങ്ങാനുള്ള ഇടവും അതുതന്നെയാണ്. പാവപ്പെട്ട പുറംജോലിക്കാര്‍ക്ക്, നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് രാപ്പാര്‍ക്കാന്‍ അതു മാത്രമാണ് ഇടം. എന്നാല്‍ നമ്മള്‍ നിരത്തുകള്‍ക്ക് വിഐപികളുടെ പേരിട്ടും മായ്ചും കഴിഞ്ഞു കൂടുകയാണ്. പക്ഷേ, സുരക്ഷയെ സംബന്ധിച്ച ആലോചനകള്‍ നടക്കുന്നില്ല.
ആരാണ് റോഡപകടങ്ങളിലെ കുറ്റവാളികള്‍? കുട്ടിക്കുറ്റവാളികള്‍ പലപ്പോഴും അതിന്റെ പരിക്ക് ഏറ്റുവാങ്ങാറില്ല. അവര്‍ക്ക് പ്രായം തുണയാവുന്നു. അതിനാല്‍ വാഹന ദുരുപയോഗം നടത്താന്‍ അവര്‍ക്കു മടിയില്ല. മറ്റൊരു കൂട്ടര്‍, അതികുപിതരായ യുവജനങ്ങളാണ്. ഏതു പ്രകോപനത്തെയും കൊലകൊണ്ടു നേരിടുന്നവര്‍. വേറൊരു വിഭാഗം മദ്യപിച്ചു വണ്ടിയോടിക്കുന്നവരാണ്. കാശും പണവുമുള്ള പ്രതാപികള്‍. ഏതു കൊല നടത്തിയാലും നല്ല വക്കീലുണ്ടെങ്കില്‍ യാതൊരു വിഷമവും വരില്ല എന്നു ബോധ്യമുള്ളവര്‍. ഇനിയുള്ളത് നിയമത്തിനും അതീതരായ കൂട്ടരാണ്- വിഐപികള്‍, അല്ലെങ്കില്‍ അവരുടെ മക്കള്‍. പിന്നെയുള്ളത് ഉറക്കംതൂങ്ങി വണ്ടിയോടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍. എല്ലാവരും നിരത്തോരത്തെ മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കുന്നു. തിരിഞ്ഞുനോക്കാതെ ഓടിച്ചുപോവുന്നു.
അപകടങ്ങള്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു: സമൂഹം ഇതിനോടു ഗൗരവമായി പ്രതികരിക്കുന്നില്ല. ജീവിതത്തിനു യാതൊരു മൂല്യവുമില്ലാതെ പോവുകയാണ്. പ്രതികള്‍ക്കു രക്ഷയും ഇരകള്‍ക്കു മറവിയും എന്നതാണ് അവസ്ഥ. പക്ഷേ, ഇതിനെ മറികടക്കാന്‍ നാം തായ്യറായേ പറ്റൂ.
Next Story

RELATED STORIES

Share it