Thrissur

പിഞ്ചുകുഞ്ഞിനെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; പ്രതികള്‍ ആക്രമണകാരികളായ കുറുവ സംഘാംഗങ്ങള്‍

തൃശൂര്‍: മുളങ്കുന്നത്തുകാവ് വെളപ്പായയിലെ വീട്ടില്‍ എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ ആക്രമണകാരികളായ കുറുവ സംഘങ്ങളില്‍ പെട്ടവര്‍. കുറവ സംഘങ്ങളില്‍ കളവ് തൊഴിലാക്കി നടക്കുന്നവര്‍ പ്രധാനമായും തമിഴ്‌നാട്ടിലെ കമ്പം-തേനി, സേലം, ഉതുമല്‍പ്പേട്ട്, മധുര, വില്ലുപ്പുരം എന്നീ സ്ഥലത്തെ ഗ്രാമങ്ങളിലാണ് താമസമാക്കിയിട്ടുള്ളത്. നാടോടി ജീവിതം ശീലിച്ച ഇവര്‍ക്ക് ആമ, കീരി എന്നിവയാണ് ഇഷ്ട ഭക്ഷണം. പ്രത്യേക പൂജ ചെയ്തതിനുശേഷം മാത്രമേ ഇക്കൂട്ടര്‍ കളവിനിറങ്ങൂ. റെയില്‍വെ ട്രാക്കിലൂടെ നടന്ന് കണ്ടെത്തിയ വീടുകളിലായിരിക്കും മോഷണം നടത്തുക. കിട്ടുന്ന പൈസയിലെ നല്ലൊരുപങ്കും മദ്യത്തിനും മറ്റുമായി ഇവര്‍ ഉപയോഗിക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ തിരുട്ട് ഗ്രാമമായ പനവടലി ചത്രത്തിലെ കള്ളന്മാര്‍ പകല്‍ മോഷ്ടാക്കള്‍ ആണെങ്കില്‍ കുറവ സംഘത്തിലെ അംഗങ്ങള്‍ രാത്രി മോഷ്ടാക്കളായിരിക്കും. ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നത് കളവിനിടയില്‍ ഉറങ്ങിക്കിടക്കുന്നവരെപ്പോലും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കും. മിക്കവാറും സ്ത്രീകളും കുട്ടികളും അടങ്ങിയ 30 ഓളം പേര്‍ ചേര്‍ന്നതായിരിക്കും ഒരു കുറുവ സംഘം. കുടുംബത്തിലെ ആണുങ്ങളെല്ലാവരും തന്നെ കളവുകേസില്‍ പ്രതികളാണ്. മരണപ്പെട്ട കുളവണ്ട്, ചന്ദ്രന്‍, പരുത്തിവീരന്‍ എന്നിവരെ കൂടാതെ സുബ്രഹ്മണ്യന്‍ (കമ്പം), സുബ്രഹ്മണ്യന്‍(വാണിയംകുളം), വീരന്‍, വീരപ്പന്‍, മുരുകന്‍, ഭഗവതി എന്നി—വരാണ് അറിയപ്പെടുന്ന കുറവ മോഷണത്തലവന്മാര്‍.സംഭവത്തില്‍ വാണിയംകുളം എടക്കാട് പട്ടത്തിയാരുപടിയില്‍ വണ്ടുകുട്ടന്‍ എന്നു വിളിക്കുന്ന കുട്ടപ്പന്‍(26), പ്ലാച്ചിമട നവളംതോട് ചെമ്മണാംതോട് കോളനിയില്‍ ചെങ്കീരി എന്നു വിളിക്കുന്ന മുത്തു(26), പ്ലാച്ചിമട നവളംതോട് ചെമ്മണാംതോട് കോളനിയില്‍ കീരി എന്നു വിളിക്കുന്ന ശ്രീകാന്ത് എന്നിവരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമന്റെ കീഴിലുള്ള ഷാഡോ പോലിസും പേരാമംഗലം സി.ഐ. പി സി ബിജുകുമാറും ചേര്‍ന്ന് പിടികൂടിയത്.24-8-2015 തിയ്യതി പുലര്‍ച്ചെയാണ് സംഭവം നടന്നത്. നഴ്‌സായ ജിന്‍സിയുടെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ നാലംഗ സംഘം ഉറങ്ങിക്കിടന്നിരുന്ന 86 വയസ്സുള്ള ജിന്‍സിയുടെ അച്ഛമ്മയെ കട്ടിലില്‍നിന്നും എടുത്തുകൊണ്ടുപോയി തറയില്‍ ഇടുകയും ഒച്ചവെച്ചതില്‍ മുഖത്തുംമറ്റും മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടര്‍ന്ന് എട്ടു മാസം പ്രായമായ ജിന്‍സിയുടെ മകനെ ഒരു കൈകൊണ്ട് കഴുത്തില്‍പിടിച്ചുയര്‍ത്തി മറുകയ്യില്‍ കത്തികൊണ്ട് കഴുത്തില്‍വച്ച് അലമാരയുടെ ചാവിയെടുക്കുവാന്‍ ആവശ്യപ്പെടുകയും ചാവിയെടുത്തുകൊടുത്തതിനെ തുടര്‍ന്ന് കുട്ടിയെ അമ്മയ്ക്ക് ഇട്ടുകൊടുക്കുകയും അലമാരയില്‍നിന്നും ലഭിച്ച പണത്തിനുപുറമെ ജിന്‍സിയുടെ കയ്യിലണിഞ്ഞിരുന്ന സ്വര്‍ണ്ണവള ബലമായി ഊരിയെടുക്കുകയും മുടിയില്‍പിടിച്ച് ചുമരിനോടുച്ചേര്‍ത്ത് മര്‍ദ്ദിക്കുകയും ചെയ്തു. ഈസമയം വീടിനകത്തെ മറ്റൊരു മുറിയിലുണ്ടായിരുന്ന ചെറിയച്ഛനായ ജോജോ ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടിപ്പോയ കള്ളന്മാര്‍ ഇരുപതോളം വീടുകളുടെ വാതിലുകളും മറ്റും പൊളിച്ച് കയറിയെങ്കിലും വീട്ടുകാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് മോഷണം സാധിക്കാതെ വരികയും പിന്നീട് പോട്ടോര്‍ എന്ന സ്ഥലത്തെത്തി, വീടിന്റെ ജനലിനടുത്തു ഉറങ്ങിക്കിടന്നിരുന്ന വെളിച്ചപ്പാടായ രഞ്ജിത്ത്കുമാര്‍ എന്ന ആളുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുക്കുകയും തുടര്‍ന്ന് ഇവര്‍ റെയില്‍വേ ട്രാക്ക് വഴി തൃശൂര്‍ ടൗണിലെത്തി പാലക്കാട് മുതലമടയില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു.
Next Story

RELATED STORIES

Share it