Idukki local

പിഐപി കനാല്‍ മാലിന്യ നിക്ഷേപകരും കഞ്ചാവ് കച്ചവടക്കാരും കൈയടക്കുന്നു

ചെങ്ങന്നൂര്‍: പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നതും ഇരുവശങ്ങളിലുമുള്ള റോഡുകളിലെ കുറ്റിക്കാടുകള്‍ മറയാക്കി കഞ്ചാവ് കച്ചവടം ചെയ്യുന്നതും വ്യാപിക്കുന്നു. വന്‍തോതില്‍ ഇറച്ചി, കോഴി അവശിഷ്ടങ്ങളും കശാപ്പുകാര്‍ ചാക്കിലാക്കി നിക്ഷേപിക്കുന്ന മാലിന്യങ്ങളും മൂലം പരിസരവാസികള്‍ ദുര്‍ഗന്ധം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. കനാലില്‍ വെള്ളം തുറന്നു വിടുമ്പോള്‍ ചാക്കിലാക്കി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഒഴുകി പോകാറുണ്ടെങ്കിലും വെള്ളമില്ലാത്ത സമയത്ത് ഇവ അടിഞ്ഞു കൂടി കിടന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഇലന്തൂര്‍, കിടങ്ങന്നൂര്‍, വല്ലന, മുളക്കുഴ, പെരിങ്ങാല, പെണ്ണുക്കര എന്നിവിടങ്ങളില്‍ നിന്നു പോലും വാഹനങ്ങളില്‍ ചാക്കുകണക്കിന് മാലിന്യം എത്തിച്ച് കനാലില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കാലാകാലങ്ങളില്‍ കനാലുകള്‍ അടിക്കാട് വെട്ടി വൃത്തിയാക്കാത്തതാണ് ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നതിന് കാരണമാകുന്നത്. അതിരൂക്ഷമായ ദുര്‍ഗന്ധത്തിന് പുറമേ ഇത്തരം മാലിന്യങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈച്ചകളും പ്രാണികളും ജനവാസകേന്ദ്രങ്ങളില്‍ പറന്ന് നടക്കുന്നത് കടുത്ത രോഗഭീഷണിയും ഉയര്‍ത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പിഐപിയോ പോലിസോ പഞ്ചായത്തുകളോ ഇതുവരെ നടപടിയൊന്നും എടുത്തിട്ടുമില്ല. കനാലിന്റെ ഇരുവശങ്ങളിലുമുള്ള ജീപ്പ് റോഡിലെ കാടുകള്‍ കഞ്ചാവ് മയക്കു മരുന്ന് കച്ചവടക്കാരും അനധികൃത മദ്യകച്ചവടക്കാരും അനാശാസ്യക്കാരും സാമൂഹികവിരുദ്ധരും മറയാക്കുന്നതും രാത്രികാലങ്ങളില്‍ ഇവിടെ അന്യസ്ഥലങ്ങളില്‍ നിന്നു പോലും വാഹനങ്ങളില്‍ എത്തി ഇവ കൈമാറ്റം ചെയ്യുന്നതും നിത്യസംഭവമാണ്. പകല്‍ സമയത്ത് പോലും വഴിയാത്രക്കാര്‍ അപൂര്‍വമായി മാത്രമാണ് കനാല്‍ റോഡുകള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇവിടങ്ങളില്‍ അനാശാസ്യക്കാരും തമ്പടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it