പിഎസ്‌സി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 27ന് നടന്ന പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷയിലെ ക്രമക്കേടിനെച്ചൊല്ലി പിഎസ്‌സി യോഗത്തില്‍ രൂക്ഷമായ തര്‍ക്കവും വാഗ്വാദവും. വിവാദമായ പരീക്ഷ റദ്ദാക്കണമെന്ന് മൂന്നുപേരൊഴികെ എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടു.
എന്നാല്‍, വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചര്‍ച്ചചെയ്യാനാവില്ലെന്നുമുള്ള മുതിര്‍ന്ന അംഗം പി ജമീലയുടെ നിലപാടാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ചെയര്‍മാന്റെ അഭാവത്തില്‍ ജമീലയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഈ മാസം ഏഴിന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ ക്രമക്കേട് അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, കമ്മീഷന്‍ ചേരുന്ന ദിവസം രാവിലെ മാത്രമാണ് അംഗങ്ങള്‍ക്ക് അന്നേദിവസത്തെ അജണ്ട കൈമാറിയത്. അന്വേഷണ റിപോര്‍ട്ടുകളും മൊഴിപ്പകര്‍പ്പുകളും അടക്കമുള്ള ഫയലാണ് അംഗങ്ങള്‍ക്ക് കൈമാറിയത്. ഇതു പൂര്‍ണമായി പരിശോധിക്കാന്‍ സമയം വേണമെന്നും വിഷയം അടുത്ത കമ്മീഷനില്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അടുത്ത കമ്മീഷനില്‍ അജണ്ടയായി ഉള്‍പ്പെടുത്താമെന്ന് പി ജമീല ഉറപ്പുനല്‍കുകയും ചെയ്തു.
എന്നാല്‍, ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതു ചോദ്യംചെയ്ത അംഗങ്ങളോട് പരീക്ഷാകണ്‍ട്രോളറും ചെയര്‍മാനും ഇല്ലാത്തതിനാലാണ് അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതെന്ന് പി ജമീല പറഞ്ഞു.
പരീക്ഷ റദ്ദാക്കിയതായി മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന ചില അംഗങ്ങളുടെ ആവശ്യവും അധ്യക്ഷ ചെവികൊണ്ടില്ല. തുടര്‍ന്ന് അജണ്ടയിലുള്‍പ്പെടുത്തിയ വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് യോഗം പിരിയുകയായിരുന്നു. പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍.
എന്നാല്‍, സാങ്കേതികവിദഗ്ധരടക്കം നല്‍കിയ മൊഴികളില്‍ ക്രമക്കേട് നടന്നതായി വ്യക്തമായ തെളിവുകളുണ്ട്. അതേസമയം, പരീക്ഷ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് ലഭ്യമല്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വീഡിയോ പൂര്‍ണമായും റിക്കാഡായില്ലെന്നാണ് കണ്‍ട്രോളറുടെ വാദം. 100 പേര്‍ എഴുതേണ്ട പരീക്ഷ 120 പേരോളം എഴുതിയതാണ് കംപ്യൂട്ടര്‍ തകരാറിലാവാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു.
578/2012, 715/2014 എന്നീ കാറ്റഗറി പ്രകാരം ഇംഗ്ലീഷ് അധ്യാപകതസ്തികയിലേക്ക് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തിയത്. ഇതില്‍ തിരുവനന്തപുരം കേന്ദ്രത്തിലെ പരീക്ഷയിലാണ് വ്യാപകമായ ക്രമക്കേടുകളുണ്ടായതെന്നായിരുന്നു പരാതി.
Next Story

RELATED STORIES

Share it