പിഎസ്‌സി പരീക്ഷ; 15 ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം

തിരുവനന്തപുരം: അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദേ്യാഗാര്‍ഥികള്‍ക്കുമാത്രം പരീക്ഷാകേന്ദ്രം സജ്ജമാക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഓരോ പരീക്ഷയ്ക്കും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് 15 ദിവസത്തെ കാലാവധി അനുവദിക്കും. ഈ സമയപരിധി മുന്‍കൂട്ടിത്തന്നെ ഉദേ്യാഗാര്‍ഥികളെ അറിയിക്കുകയും ചെയ്യും.
പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഓരോ പരീക്ഷയ്ക്കും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള തിയ്യതി കൂടി പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചുകൊണ്ടായിരിക്കും ഈ മാറ്റം ഏര്‍പ്പെടുത്തുക.
കമ്മീഷന്‍ നടത്തുന്ന ഓരോ തസ്തികയുടെയും പരീക്ഷയ്ക്ക് ശരാശരി 50-55 ശതമാനം ഉദേ്യാഗാര്‍ഥികള്‍ മാത്രമേ ഹാജരാവുന്നുള്ളൂ. എന്നാല്‍, അപേക്ഷ അയക്കുന്ന എല്ലാ ഉദേ്യാഗാര്‍ഥികള്‍ക്കും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കേണ്ടിവരുന്നതിനാല്‍ ഭീമമായ പാഴ്‌ച്ചെലവിന് അതിടയാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ചോദ്യപേപ്പര്‍ അച്ചടിക്കുക. പിഎസ്‌സിയുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് കോഴിക്കോട് സ്വദേശി സി കെ ബിജേഷ് എന്ന ഉദേ്യാഗാര്‍ഥിക്ക് മൂന്നുവര്‍ഷത്തേക്ക് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.
പരീക്ഷാസംബന്ധമായ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കാരണത്താലാണ് നടപടി.
Next Story

RELATED STORIES

Share it