പിഎസ്‌സി പരീക്ഷ: മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: മലയാളം ഭരണഭാഷയായി അംഗീകരിച്ച് നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ പിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിലും ഭരണഭാഷയ്ക്ക് പ്രാധാന്യം നല്‍കി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. വി ശിവദാസന്‍ ചെയര്‍മാനായ അഞ്ചംഗ ഉപസമിതിയുടെ റിപോര്‍ട്ട് അംഗീകരിച്ചാണ് കമ്മീഷന്‍ തീരുമാനം. രണ്ടു മണിക്കൂറോളം റിപോര്‍ട്ട് വിശദമായി കമ്മീഷനില്‍ ചര്‍ച്ചയായി. സിലബസ് രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതുവരെ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിടാതിരിക്കാന്‍ നിലവിലുള്ള രീതി തുടരുമെന്നും കമ്മീഷന്‍ തീരുമാനിച്ചു. അതുപ്രകാരം മെയ് 24ന് നടക്കുന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പുനപ്പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം.
പരീക്ഷാ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ തിയ്യതി മാറ്റാനാവില്ലെന്നായിരുന്നു കമ്മീഷനിലെ പൊതു അഭിപ്രായം. എന്നാല്‍, ഇതിനെതിരേ ചില അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളമൊഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് അശോകന്‍ ചരുവില്‍ ഇന്നലെയും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. രണ്ടാഴ്ച മുമ്പ് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍നിന്നും അശോകന്‍ ഇറങ്ങിപ്പോയിരുന്നു. ഡോ. പി മോഹന്‍ദാസ്, യു സുരേഷ്‌കുമാര്‍, വി ടി തോമസ്, പ്രഫ. എന്‍ ശെല്‍വരാജ്, അഡ്വ. വി എസ് ഹരീന്ദ്രനാഥ് എന്നിവര്‍ കമ്മീഷന്‍ തീരുമാനത്തോട് വിയോജിച്ചു. ഇവരുടെ വിയോജിപ്പ് മിനുട്‌സില്‍ രേഖപ്പെടുത്താമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഔദേ്യാഗിക ഭാഷയെന്ന നിലയില്‍ ഉദേ്യാഗാര്‍ഥികള്‍ക്ക് മലയാളത്തിലുള്ള അറിവ് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ അതുസംബന്ധിച്ചുള്ള 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നുമായിരുന്നു കമ്മീഷന്‍ തീരുമാനം. എന്നാല്‍, ഭരണഭാഷയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പായി ഭരണഭാഷയ്ക്കായി ഭാഷാ വിദഗ്ധരെയും ഭരണഭാഷാ വിദഗ്ധരെയും ഉള്‍പ്പെടുത്തി സിലബസ് ചര്‍ച്ച ചെയ്ത് രൂപീകരിക്കാനും ഭരണഭാഷ വകുപ്പിന്റെയും ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെയും അഭിപ്രായം ആരായാനും കമ്മീഷന്‍ തീരുമാനിച്ചു. ഭിന്ന ശ്രവണശേഷിയുള്ളവര്‍ക്ക് ഇപ്പോള്‍തന്നെ ഒരു ഭാഷ പഠിച്ചാല്‍ മതിയെന്നുള്ള സാഹചര്യം നിലനില്‍ക്കേ വേറൊരു ഭാഷകൂടി പഠിച്ച് പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെടുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
പിഎസ്‌സി പരീക്ഷകളില്‍ മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ഉപസമിതി റിപോര്‍ട്ടില്‍ അംഗമായ അഡ്വ. എസ് ഷൈന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ചോദ്യങ്ങളില്‍ മലയാളം ഉള്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജോലി ലഭിച്ചശേഷം മലയാളത്തിലുള്ള പ്രാവിണ്യം തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരീക്ഷ നടത്തണം. ഇത് വിജയിക്കുന്നവര്‍ക്ക് മാത്രം പ്രൊബേഷന്‍ നല്‍കിയാല്‍ മതിയെന്നും ഇദ്ദേഹം റിപോര്‍ട്ടില്‍ നിര്‍ദേശിച്ചു. എന്നാല്‍, ഈ നിര്‍ദേശം കമ്മീഷന്‍ ഒന്നടങ്കം തള്ളിക്കളഞ്ഞു.
Next Story

RELATED STORIES

Share it