പിഎസ്‌സി ചെയര്‍മാനെതിരേ വിജിലന്‍സ് അന്വേഷണം; സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടു നടത്തിയെന്ന ആരോപണം നേരിടുന്ന പിഎസ്‌സി ചെയര്‍മാനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നു ശുപാര്‍ശ ചെയ്ത് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് അന്വേഷണ റിപോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു കാട്ടി അസി. കൃഷി ഓഫിസറായ കോട്ടയം പമ്പാവാലി സ്വദേശി കെ കെ ഷിജു നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. ഹരജിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.
ഹരജി ഈ മാസം 28ന് വീണ്ടും പരിഗണിക്കും. നിയമ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെ അനുമതിയോടെ അന്വേഷണം ആവശ്യപ്പെടുന്ന റിപോര്‍ട്ട് 2015 ഫെബ്രുവരി 25ന് അന്നത്തെ മുഖ്യമന്ത്രിക്കു നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. ഇക്കാര്യം പത്രവാര്‍ത്തയായി പുറത്തുവന്നതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം അഡീ. ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട രേഖയെന്ന നിലയിലാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്. ഇതിനെതിരേ നല്‍കിയ അപ്പീലും ഇതേ കാരണങ്ങളാല്‍ തള്ളി.
പിഎസ്‌സിയിലെ വിജിലന്‍സ് വിഭാഗം സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it