പിഎഫ് നികുതി: അന്തിമ തീരുമാനം മറുപടി പ്രസംഗത്തില്‍

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍നിന്നു പിന്‍വലിക്കുന്ന തുകയുടെ 60 ശതമാനത്തിനു നികുതി ഈടാക്കുമെന്ന നിര്‍ദേശം സംബന്ധിച്ച് അന്തിമ തീരുമാനം ബജറ്റിന്റെ മറുപടി ചര്‍ച്ചയ്ക്കുള്ള പ്രസംഗത്തില്‍ വ്യക്തമാക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാര്‍ലമെന്റില്‍ പ്രതിപക്ഷവും പുറത്ത് തൊഴിലാളി സംഘടനകളും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ വിശദീകരണം.
ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് വ്യവസായ സംഘടന സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞത് ഈ നിര്‍ദേശം ഉയര്‍ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളെ മാത്രമാണ് ബാധിക്കുക എന്നാണ്. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ 3.7 കോടി തൊഴിലാളികളാണുള്ളത്. അതില്‍ 3 കോടി അംഗങ്ങളും 15,000 രൂപയില്‍ താഴെ മാത്രം ഫണ്ടില്‍ നിക്ഷേപിക്കുന്നവരാണ്. അവരെ നികുതി നിര്‍ദേശം ബാധിക്കുകയില്ല. പദ്ധതിയില്‍ പുതുതായി ചേര്‍ന്ന ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ മാത്രമാണ് നികുതി നല്‍കേണ്ടിവരികയെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന നികുതി വിവിധ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍, ആര്‍എസ്എസ് അനുകൂല സംഘടനയായ ബിഎംഎസ് അടക്കം വിവിധ തൊഴിലാളി സംഘടനകള്‍ നികുതി നിര്‍ദേശത്തെ എതിര്‍ത്തു. തൊഴിലാളി വര്‍ഗത്തിനെതിരേയുള്ള ആക്രമണമാണിതെന്നും നിര്‍ദേശത്തിലൂടെ നടപ്പാക്കുന്നത് ഇരട്ട നികുതിയാവുമെന്നും അവര്‍ ആരോപിച്ചു.
അതിനിടെ, രാജ്യസഭയുടെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷമൊന്നാകെ ഈ നിര്‍ദേശത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ത്തി. പിഎഫ് പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ രാജ്യസഭയില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയെ സിപിഎമ്മിലെ തപന്‍കുമാര്‍ എതിര്‍ത്തു.
സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെട്ടവരുമായൊന്നും സംസാരിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ കുറ്റം മറ്റുള്ളവരുടേമേല്‍ ചുമത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it