പിഎംജിഎസ്‌വൈക്ക് 150 കോടി ലഭിക്കുമെന്ന് മന്ത്രി

ന്യൂഡല്‍ഹി:പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിക്കായി കേരളത്തിന് 150 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിങ് ഉറപ്പുനല്‍കിയതായി സംസ്ഥാന ഗ്രാമവികസന മന്ത്രി കെ സി ജോസഫ്.
ഈ സാമ്പത്തിക വര്‍ഷം ആകെ 400 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എട്ടാമത്തെ ഘട്ടത്തില്‍ കേരളത്തിന് 693.61 കോടി രൂപയ്ക്കുളള 415 റോഡുകള്‍ അനുവദിച്ചിരുന്നു. ഇതില്‍ 392 റോഡുകളുടെ പ്രവൃത്തികള്‍ നടന്നുവരുകയാണെന്ന് കെ സി ജോസഫ് അറിയിച്ചു. 69 എണ്ണം പൂര്‍ത്തിയായി. നേരത്തെ നടന്നുവരുന്നവ ഉള്‍പ്പെടെ 724 കോടി രൂപയുടെ പ്രവൃത്തികളാണ് കേരളത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ 125 കോടി രൂപയോളം കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ട്.ബില്ല് മാറി നല്‍കാത്തതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ പണികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രിക്കും കത്ത് അയച്ചിരുന്നു. കഴിഞ്ഞ നാലര വര്‍ഷം പിഎംജിഎസ്‌വൈ പദ്ധതിയില്‍ കേരളം മികച്ച പുരോഗതി നേടിയതില്‍ കേന്ദ്രമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഈ കാലയളവില്‍ മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ ആരംഭിക്കാനും അടിയന്തരമായി അനുവദിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.
കേന്ദ്രം അനുവദിച്ച തുകയ്ക്കുപുറമെ സംസ്ഥാന ഗവ. ഇതിലേക്ക് അധികമായി 115 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it