പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് നിര്‍ബന്ധമല്ല; കുട്ടികളുടെ പാസ്‌പോര്‍ട്ടില്‍ അമ്മയുടെ പേരായാലും മതി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേരുതന്നെ വേണമെന്നു നിര്‍ബന്ധമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളുടെ പാസ്‌പോര്‍ട്ടില്‍ അമ്മയുടെ പേരായാലും മതി. ഡല്‍ഹി സ്വദേശിയായ ഒറ്റരക്ഷാകര്‍ത്താവിന്റെ മകള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഒരു സ്ത്രീ സ്വാഭാവികമായും അവരുടെ കുഞ്ഞിന്റെ രക്ഷിതാവു കൂടിയാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി. നേരത്തെ ഇതുസംബന്ധിച്ച കേസില്‍ അച്ഛന്റെ പേരു സൂചിപ്പിക്കാത്ത പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സ്വീകരിക്കണമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ ഡല്‍ഹി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
നിയമത്തില്‍ ജൈവ പിതാവിന്റെ പേര് വേണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കില്‍ മാത്രമെ പിതാവിന്റെ പേര് ആവശ്യമാണെന്ന് അധികൃതര്‍ക്കു നിര്‍ബന്ധം പിടിക്കാന്‍ പറ്റൂ. സ്ത്രീ രക്ഷകര്‍ത്താവായ വീടുകളില്‍ നിന്നുള്ളവര്‍ക്ക് പല അക്ഷേകളും പൂരിപ്പിക്കേണ്ടതായി വരും. ഒരുപക്ഷേ അച്ഛന്റെ പേരു സൂചിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടാവാം. അല്ലെങ്കില്‍ പേര് അറിയാത്തവരും ഉണ്ടാവും. ലൈംഗിക തൊഴിലാളികളുടെ മക്കളുണ്ടാവും. ദത്തെടുക്കപ്പെട്ട കുട്ടികളുണ്ടാവും. ലൈംഗിക പീഡനങ്ങളുടെ ഇരകളുടെ മക്കളുണ്ടാവും. അച്ഛന്‍മാര്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍, അതുപോലെ കൃത്രിമ ബീജ സങ്കലനത്തിലൂടെയുണ്ടായ മക്കള്‍ തുടങ്ങിയവരുടെ അച്ഛന്‍മാരെ സൂചിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, ഇവര്‍ക്കൊക്കെയും അമ്മമാരുണ്ടാവും.പാസ്‌പോര്‍ട്ട് ഓഫിസിലെ സോഫ്റ്റ്‌വെയര്‍ ഒറ്റരക്ഷാകര്‍ത്താവിന്റെ മക്കള്‍ നല്‍കിയ പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നില്ലെന്നതിന് നിയമപരമായ പരിരക്ഷ ഇല്ലെന്നും ജഡ്ജി വ്യക്തമാക്കി.
ഇപ്പോഴത്തെ കേസില്‍ 2005ലും 2011ലും ഈ പെണ്‍കുട്ടി അച്ഛന്റെ പേരില്ലാതെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നു. അതിനാല്‍ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേരുവേണമെന്നത് നിയമമപരമായ ആവശ്യമല്ലെന്നത് ഇതിനു തെളിവാണെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it