പാലോളി കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കും



തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിനായുള്ള പാലോളി കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വാഗ്ദാനം. ഹജ്ജ് കമ്മിറ്റിക്ക് സ്ഥിരമായി ഗ്രാന്റ് അനുവദിക്കും. വഖ്ഫ് ബോര്‍ഡിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കും. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം നടത്തും. ബോര്‍ഡിനെ സാമ്പത്തികമായി ശക്തിപ്പെടുത്താനുള്ള വരുമാനമുണ്ടാക്കാനായി വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗിക്കും. വഖ്ഫ് ബോര്‍ഡിന്റെ കീഴില്‍വരുന്ന തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് പിഎസ്‌സിയെ ചുമതലപ്പെടുത്തും. [related]
മുസ്‌ലിം സമുദായത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുതന്നെ നിയമനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇ-സാക്ഷരതയും കംപ്യൂട്ടര്‍ പരിശീലനവും നല്‍കും. നോര്‍ക്ക വകുപ്പിന് സ്‌കില്‍ അപ്ഗ്രഡേഷന്‍ പദ്ധതി സമഗ്രമാക്കും. രാജ്യാധിഷ്ഠിത പ്രീ- ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. വിദേശത്തുനിന്നു തിരിച്ചുവരുന്നവരുടെ പുനരധിവാസം ഉറപ്പാക്കും. പ്രവാസികളുടെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും.
പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ വികസനത്തിന് പ്രാമുഖ്യം നല്‍കും. ഒബിസി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സഹായവും തൊഴിലവസരവും വര്‍ധിപ്പിക്കുന്ന 10 പദ്ധതികള്‍ പിന്നാക്കവികസന വകുപ്പ് നടത്തും. കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍, ക്രിസ്ത്യന്‍ കണ്‍വേര്‍ട്ട്‌സ് റെക്കമെന്റഡ് കമ്മ്യൂണിറ്റീസിനു വേണ്ടിയുള്ള കേരള സംസ്ഥാന വികസന കോര്‍പറേഷന്‍ എന്നിവ വഴി നല്‍കുന്ന സഹായത്തിന്റെ തോത് വ്യാപിപ്പിക്കും.
വനാവകാശികളായ ഗോത്രവര്‍ഗക്കാര്‍ക്ക് വീടു നിര്‍മിക്കാന്‍ ധനസഹായം നല്‍കും. ലഭ്യമായ സ്രോതസ്സുകളിലൂടെ എസ്ടി കുടുംബങ്ങള്‍ക്ക് വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കും. എക്കോ ട്രൈബല്‍ ഹാബിറ്റാറ്റുകളുടെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. ഗോത്രവര്‍ഗക്കാരെ അലട്ടുന്ന പോഷകാഹാരക്കുറവും ദാരിദ്ര്യവും പരിഹരിക്കും. ഓണത്തിനും മറ്റു പ്രത്യേക അവസരങ്ങളിലും ഈ വിഭാഗത്തിന് ഭക്ഷണപ്പൊതികള്‍ നല്‍കും. ഈ സമൂഹത്തിന് ഉന്നതനിലവാരത്തില്‍ വിദ്യാഭ്യാസം ഉറപ്പാക്കും.
Next Story

RELATED STORIES

Share it