wayanad local

പാലുല്‍പാദനത്തില്‍ ഒന്നാമതായിട്ടും പുല്‍പ്പള്ളിയില്‍ ക്ഷീരവികസന ഓഫിസില്ല

പുല്‍പ്പള്ളി: പാലുല്‍പാദനത്തിന്റെ കാര്യത്തിലും പാല്‍ സാന്ദ്രതാ മേഖലയുടെ കാര്യത്തിലും സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന പുല്‍പ്പള്ളിയില്‍ ഇനിയും ക്ഷീരവികസന ഓഫിസ് ആരംഭിച്ചില്ല.
രണ്ടു വര്‍ഷം മുമ്പ് പുല്‍പ്പള്ളിക്കടുത്ത് സീതാമൗണ്ടില്‍ ക്ഷീരവികസന ഓഫിസ് അനുവദിക്കുമെന്ന പ്രഖ്യാപനമാണ് ഇനിയും നടപ്പാവാത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ക്ഷീരസംഘമാണ് പുല്‍പ്പള്ളി. ഒരു ദിവസം 25,000 ലിറ്ററോളം പാലാണ് പുല്‍പ്പള്ളി ക്ഷീരസംഘം കര്‍ഷകരില്‍ നിന്നു സംഭരിച്ച് മില്‍മയ്ക്ക് നല്‍കുന്നത്.
തൊട്ടടുത്ത മുള്ളന്‍കൊല്ലിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്. 18 വാര്‍ഡുകളുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആറു ക്ഷീരസംഘങ്ങളാണുള്ളത്.
ഈ പഞ്ചായത്തിലെയും ഒരു ദിവസത്തെ പാല്‍ സംഭരണം 25,000 ലിറ്ററാണ്. ശരാശരി 24 രൂപയാണ് ഈ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നത്.
അതായത് ഒരു ദിവസം പുല്‍പ്പള്ളി മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കായി മില്‍മ വിതരണം ചെയ്യുന്നത് 12 ലക്ഷം രൂപ.
30,000 ലിറ്ററിന് മുകളില്‍ പാല്‍ സംഭരിക്കുന്ന ഒരു പ്രദേശത്ത് ക്ഷീരവികസന ഓഫിസ് ആരംഭിക്കണമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ നിര്‍ദേശവും ചട്ടങ്ങളും. എന്നാല്‍, ഇപ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സുല്‍ത്താന്‍ ബത്തേരിയിലെയും മാനന്തവാടിയിലെയും ക്ഷീരവികസന ഓഫിസുകള്‍ക്ക് കീഴിലാണ്. അതിനാല്‍ തന്നെ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് പല ആനൂകൂല്യങ്ങളും അവസരങ്ങളും നഷ്ടമാവുന്നു.
Next Story

RELATED STORIES

Share it