palakkad local

പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി കൃഷി വകുപ്പ്

പാലക്കാട്: വേനല്‍ച്ചൂടില്‍ പാലുല്‍പാദനം കുറയാതെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിന് ക്ഷീരകര്‍ഷകരുടെ വീട്ടുവളപ്പില്‍ അസോള കൃഷി ചെയ്യുന്ന പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. ഓരോ ക്ഷീരകര്‍ഷക വീടുകളിലും അസോള തടങ്ങള്‍ മുദ്രാവാക്യവുമായി മങ്കര പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.
വേനല്‍ക്കാലത്ത് പച്ചപ്പുല്ലിനു പകരമായി ഉപയോഗിക്കാവുന്ന അസോള കൃഷിക്കാവശ്യമായ വിത്ത് മൃഗസംരക്ഷണ വകുപ്പ് നല്‍കും. രണ്ടാഴ്ചക്കുള്ളില്‍ വിളവെടുത്തു തുടങ്ങാം. വേനല്‍ക്കാലത്ത് ചുരുങ്ങിയത് രണ്ടായിരം രൂപയ്ക്കുള്ള തീറ്റയെങ്കിലും ഇതുവഴി ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തും ആവശ്യമായ സഹായം നല്‍കുന്നുണ്ട്.
പഞ്ചായത്തിലെ 150 ഓളം ക്ഷീരകര്‍ഷകരുടെ വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 10 അടി നീളവും ആറടി വീതിയും ഉള്ള തടം നിര്‍മിച്ചാണു അസോള കൃഷിയിറക്കുക.
വിറ്റാമിന്‍ എ യും നാരും പ്രോട്ടീനും അടങ്ങിയ അസോള കാലികളുടെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണെന്നു മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. മങ്കരയെ അസോള പഞ്ചായത്താക്കി മാറ്റാനുള്ള പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശശി നിര്‍വഹിച്ചു. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it