Kottayam Local

പാലാ-തൊടുപുഴ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പാലാ: കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്ന പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കെ എം മാണി എംഎല്‍എ കെഎസ്ടിപി അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡ് 231 കോടി മുടക്കിയാണ് നവീകരിക്കുന്നത്. 37 കിലോമീറ്റര്‍ പാലാ നിയോജക മണ്ഡലത്തിലൂടെയാണ് കടന്നുപോവുന്നത്. 10 മീറ്റര്‍ വീതിയില്‍ ടാറിങോടെ യാണ് റോഡ് നിര്‍മിക്കുന്നത്. 20 കിലോമീറ്റര്‍ വരുന്ന പൊന്‍കുന്നം-പാലാ റോഡിലെ 12.5 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി.
അട്ടിക്കല്‍ മുതല്‍ പച്ചാത്തോട് വരെയുള്ള ഭാഗമാണ് പൂര്‍ത്തിയായത്. എട്ടു കിലോമീറ്റര്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്തു. ശബരിമല തീര്‍ത്ഥാടന കാലത്ത് പണി നിര്‍ത്തിവച്ച പൊന്‍കുന്നം ടൗണ്‍, പൈക ടൗണ്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ജോലികള്‍ ഉടന്‍ പുനരാരംഭിച്ച് ഈ ഭാഗത്തെ യാത്രാതടസം ഒഴിവാക്കണമെന്ന് കെ.എം. മാണി കെഎസ്ടിപി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
പൈക മുതല്‍ പാലാ പാലം വരെയുള്ള ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. പാലാ നഗരസഭാ പ്രദേശത്തെയും നഗരമധ്യത്തിലെയും ടാറിങ് പൂര്‍ത്തിയാക്കണമെന്നും പാലാ ടൗണ്‍ പ്രദേശത്ത് കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു. റോഡ് നിര്‍മാണം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കണം. പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പാലായില്‍ കെ എം മാണി എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനു തീരുമാനമായി.
ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതിലൈനുകളും മാറ്റിസ്ഥാപിക്കുന്നതിനു മുമ്പ് ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിക്കാനും വൈകീട്ട് 5നു വൈദ്യുതി വിതരണം പുനസ്ഥാപിക്കാനും തീരുമാനമായി.
Next Story

RELATED STORIES

Share it