palakkad local

പാലക്കാട് നഗരസഭയിലെ രണ്ട് ബൂത്തുകള്‍ ബിജെപി കൈയേറി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ രണ്ട് ബൂത്ത് കൈയേറി ബിജെപി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കള്ളവോട്ട് രേഖപ്പെടുത്തിയതായി എല്‍ഡിഎഫിന്റെ പരാതി. വലിയങ്ങാടി 46-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയേയും ബുത്ത് ഏജന്റുമാരെയും പുറത്താക്കി രണ്ട് ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നും ഇതിന് പ്രിസൈഡിങ് ഓഫിസര്‍ കൂട്ടുനിന്നതായും വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ശരവണദാസ് കലക്ടര്‍ക്കും ജില്ലാ പോലിസ് സൂപ്രണ്ടിനും നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് വാര്‍ഡിലെ വോട്ടെടുപ്പ് എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു. 43ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മോഹന്റാമിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
46-ാം വാര്‍ഡിലെ മേലാമുറി പള്ളിപ്പുറം യുപി സ്‌കൂള്‍ ഒന്നും രണ്ടും ബൂത്തുകളില്‍ തുടക്കത്തില്‍തന്നെ കള്ളവോട്ട് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്ത എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ ബിജെപി സ്ഥാനാര്‍ഥിയും ക്രിമിനലുകളും ചേ ര്‍ന്ന്മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രംഗം പകര്‍ത്താന്‍ ശ്രമിച്ച മീഡിയ വണ്‍ ക്യാമറാമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കൈരളി ചാനല്‍ ക്യാമറാമാനെ തടയുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശരവണദാസ് ഉപജീവനത്തിന് നടത്തുന്ന ചായക്കട കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ബുത്തിലെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാണ് കള്ളവോട്ട് ചെയ്തത്.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും ഏറെ ആരോപണങ്ങളുമുയര്‍ന്ന എന്‍ ശിവരാജന്‍ മല്‍സരിക്കുന്ന വാര്‍ഡാണിത്. ബൂത്ത് പിടിത്തം നടന്ന രണ്ടിടത്തും റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി പരാതി നല്‍കിയത്. നഗരസഭയിലെതന്നെ 43-ാം വാര്‍ഡിലും ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിത്തത്തിന് ശ്രമിച്ചതായി പരാതിയുണ്ട്. എന്നാല്‍ പോളിങ് ഏജന്റുമാര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് മുഖ്യവരണാധികാരി അറിയിച്ചത്. രണ്ട് വാര്‍ഡുകളിലും വോട്ടെടുപ്പ് റദ്ദാക്കി റീപോളിങ് നടത്തണമെന്നും എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു. തര്‍ക്കം ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് 30ഓളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മീഡിയവണ്‍ കാമറമാനെ കഴുത്തിന് പിടിച്ചു തള്ളിയത്. കൈരളി പീപ്പിള്‍ ചാനല്‍ കാമറമാനുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കേറ്റവുമുണ്ടായി.
സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തകന്‍ യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ജയകൃഷണന്‍ നരിക്കുട്ടിയും സെക്രട്ടറി സി ആര്‍ ദിനേഷും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it