പാലക്കാട് ഐഐടിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാലക്കാട് അടക്കം രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ആറ് ഐഐടികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഐഐടികള്‍ സ്ഥാപിക്കുക. ഇതില്‍ പാലക്കാട്ടെയും ആന്ധ്രയിലെ തിരുപ്പതിയിലെയും സ്ഥാപനങ്ങളില്‍ നിലവില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ നാല് വര്‍ഷത്തേയ്ക്ക് സ്ഥാപനങ്ങള്‍ക്ക് വേണ്ടി 1,412 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.പുതിയവ സ്ഥാപിതമാവുന്നതോടെ രാജ്യത്തെ ആകെ ഐഐടികളുടെ എണ്ണം 22 ആവും. നിലവിലുള്ള 16 ഐഐടികളില്‍ പതിനായിരത്തോളം ബിടെക് സീറ്റുകളാണുള്ളത്. പുതിയ സ്ഥാപനങ്ങള്‍ വരുന്നതോടെ 1080 വിദ്യാര്‍ഥികള്‍ക്കു കൂടി ബിരുദതലത്തില്‍ സാങ്കേതിക പഠനത്തിന് അവസരം ലഭിക്കും.ഐഐടികളുമായി ബന്ധപ്പെട്ട 1961ലെ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ സ്ഥാപനങ്ങളെ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കുന്നതുവരെ അതത് ഐഐടികളുടെ നടത്തിപ്പിനും അവയ്ക്ക് നിയമ പരിരക്ഷ ലഭിക്കുന്നതിനും വേണ്ടി വ്യത്യസ്ത സൊസൈറ്റികള്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ രൂപീകരിക്കുന്ന ഈ സൊസൈറ്റികള്‍ക്ക് കീഴിലായിരിക്കും തല്‍ക്കാലം പുതിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.പുതിയ ഐഐടികളില്‍ ആദ്യവര്‍ഷം 180 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 450 വിദ്യാര്‍ഥികളും ഉണ്ടായിരിക്കും. പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തോടെ 80 പിജി കോഴ്‌സുകളും എട്ട് പിഎച്ച്ഡി സീറ്റുകളുമടക്കം 928 വിദ്യാര്‍ഥികള്‍ ഓരോ ഐഐടികളിലുമുണ്ടാവും.ആദ്യത്തെ മൂന്നു വര്‍ഷം താല്‍ക്കാലിക കെട്ടിടങ്ങളിലായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. പിന്നീട് സ്ഥിരം കാംപസിലേക്ക് മാറും. പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലായിരിക്കും അധ്യാപക-വിദ്യാര്‍ഥി അനുപാതം.
Next Story

RELATED STORIES

Share it