പാലക്കാട്: ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താനൊരുങ്ങി യുഡിഎഫ്

കെ സനൂപ്

പാലക്കാട്: ഇടതുകോട്ടയായിരുന്ന പാലക്കാട്ടെ മണ്ഡലങ്ങള്‍ ഒന്നൊന്നായി യുഡിഎഫ് കൈവശപ്പെടുത്തുമ്പോള്‍ കൈവിട്ടുപോയവ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ജാഗരൂകരാണ്. കൂടുതല്‍ മണ്ഡലങ്ങള്‍ വരുതിയിലാക്കാന്‍ യുഡിഎഫും ഒരു മണ്ഡലത്തിലെങ്കിലും താമര വിരിയിക്കാന്‍ ബിജെപിയും ഇവിടെ കച്ചമുറുക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് അഞ്ചും എംഎല്‍എമാരാണുള്ളത്. ആലത്തൂര്‍, തരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, നെന്മാറ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍ എന്നിവയ്ക്കു പുറമെ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന തൃത്താല, പാലക്കാട് മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചെടുത്തിരുന്നു.
2011ല്‍ കൈവിട്ടുപോയ ഇടതുശക്തി കേന്ദ്രങ്ങളായ തൃത്താലയും പാലക്കാടും വീണ്ടും വരുതിയിലാക്കാന്‍ ഇടതുമുന്നണി മല്‍സരം കൊഴുപ്പിക്കുന്നു. ഒറ്റപ്പാലം, കോങ്ങാട്, നെന്മാറ മണ്ഡലങ്ങള്‍ കൈപ്പിടിയിലാക്കാന്‍ യുഡിഎഫും രംഗത്തുണ്ട്. എസ്ഡിപിഐയ്ക്ക് വേരോട്ടമുള്ള പട്ടാമ്പി, ഷൊര്‍ണൂര്‍, തൃത്താല മണ്ഡലങ്ങളാണ് ശ്രദ്ധാകേന്ദ്രം.
മലമ്പുഴയില്‍ വി എസ് നാലാമങ്കത്തിനിറങ്ങുമ്പോള്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. (2011ല്‍ വി എസ് (എല്‍ഡിഎഫ്) 23440 വോട്ടിന് കോണ്‍ഗ്രസ്സിലെ ലതികാ സുഭാഷിനെ (യുഡിഎഫ്) തോല്‍പിച്ചു)
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിനെതിരേ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി. (2011ല്‍ ഷാഫി പറമ്പില്‍ ജയിച്ചു)
മണ്ണാര്‍ക്കാട് യുഡിഎഫ് സിറ്റിങ് എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദീനെതിരേ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ എല്‍ഡിഎഫ് മല്‍സരിപ്പിക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി യൂസഫ് അലനല്ലൂരും രംഗത്തുണ്ട്. (2011ല്‍ മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീന്‍ 8270 വോട്ടിന് ജയിച്ചു)
പട്ടാമ്പിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ സി പി മുഹമ്മദിനെതിരേ ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിനാണ് (സിപിഐ) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐയ്ക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് മല്‍സരിക്കുന്നു. (2011ല്‍ സി പി മുഹമ്മദ് 12475 വോട്ടിന് ജയിച്ചു)
ചിറ്റൂരില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ കെ അച്യുതനെ എല്‍ഡിഎഫിന് വേണ്ടി മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് എതിരിടുന്നത്. (2011ല്‍ യുഡിഎഫിലെ കെ അച്യുതന്‍ ജയിച്ചു)
തൃത്താല മണ്ഡലത്തില്‍ യുഡിഎഫിലെ ഹരിത എംഎല്‍എ വി ടി ബല്‍റാം രണ്ടാമതും ജനവിധി തേടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്കാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദാലിയും രംഗത്തുണ്ട്. (2011ല്‍ വി ടി ബല്‍റാം ജയിച്ചു)
കോങ്ങാട് മണ്ഡലം കൈപിടിയിലാക്കാന്‍ മുന്‍ എംഎല്‍എ പന്തളം സുധാകരനെ യുഡിഎഫ് രംഗത്തിറക്കുന്നു. സിറ്റിങ് എംഎല്‍എ കെ വി വിജയദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രണ്ടാമതും ജനവിധി തേടുന്നു. (2011ല്‍ കെ വി വിജയദാസ് 3565 വോട്ടിന്ജയിച്ചു)
ഒറ്റപ്പാലത്തെ ഇടതുകോട്ട പിടിച്ചടക്കാന്‍ മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ യുഡിഎഫ് രംഗത്തിറക്കിയപ്പോള്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ഉണ്ണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. (2011ല്‍ സിപിഎമ്മിലെ എം ഹംസ 4960 വോട്ടിന് ജയിച്ചു)
ഷൊര്‍ണൂരില്‍ സിഐടിയു നേതാവ് പി കെ ശശി (എല്‍ഡിഎഫ് ) മല്‍സരിക്കുമ്പോള്‍ യുഡിഎഫ് നിയോഗിച്ചത് മുന്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സംഗീതയെയാണ്. ഈഴവ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ബിജെഡിഎസ് സ്ഥാനാര്‍ഥിയായി വി പി ചന്ദ്രനും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ ജനറല്‍ സെക്രട്ടറി സെയ്തല—വിയും അങ്കത്തിനിറങ്ങുന്നു. (2011ല്‍ കെ എസ് സലീഖ 13494 വോട്ടിന് ജയിച്ചു)
നെന്മാറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ ബാബു കന്നിയങ്കത്തിനിറങ്ങുമ്പോള്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി എസ് സക്കീര്‍ ഹുസൈനും ബിജെപിക്ക് വേണ്ടി എന്‍ ശിവരാജനും ജനവിധി തേടുന്നു. (2011ല്‍ എല്‍ഡിഎഫിലെ വി ചെന്താമരാക്ഷന്‍ 8694 വോട്ടിന് ജയിച്ചു)
ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ ഡി പ്രസേനനാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് എമ്മിലെ അഡ്വ. കുശലകുമാര്‍ രണ്ടാം തവണയും രംഗത്തുണ്ട്. (2011ല്‍ എല്‍ഡിഎഫിലെ എം ചന്ദ്രന്‍ 24741 വോട്ടിന് ജയിച്ചു)
തരൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി എ കെ ബാലനെ എതിരിടുന്നത് യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ്സിലെ ടി പ്രകാശനാണ്. (2011ല്‍ എല്‍ഡിഎഫിലെ എ കെ ബാലന്‍ (സിപിഎം) 25756 വോട്ടിന് വോട്ടിന് ജയിച്ചു).
വീറും വാശിയുമുള്ള പ്രചാരണം കൊഴുക്കുമ്പോള്‍ ഇടതുമുന്നണിയുടെ കൈവശമുള്ള നെന്മാറ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങള്‍ യുഡിഎഫ് തിരിച്ചുപിടിക്കാനാണ് സാധ്യതയേറുന്നത്. അതേസമയം, യുഡിഎഫിന്റെ കൈവശമുള്ള പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കാനും സാധ്യതയുണ്ട്. എല്‍ഡിഎഫിന്റെ കുത്തകയായ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ബിജെഡിഎസ് രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യതയും ഏറെയാണ്.
Next Story

RELATED STORIES

Share it