പാലക്കാട്ട് യുവാവിന് സൂര്യതാപം: തിരുവനന്തപുരത്ത് വേനല്‍മഴ

പാലക്കാട്/തിരുവനന്തപുരം: വേനലിന്റെ തുടക്കത്തില്‍ തന്നെ പാലക്കാട്ട് യുവാവിന് സൂര്യതാപമേറ്റു. കല്ലേക്കുളങ്ങര കവളപ്പാറയിലെ പ്രജീഷി(30)നാണു സൂര്യതാപമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രജീഷ് ഇന്നലെ കൂട്ടുകാരുമൊത്ത് പന്നിയംപാടത്തിനു സമീപം കോണ്‍ക്രീറ്റ് ജോലിക്കു പോയിരുന്നു. രാവിലെ ഉച്ചയ്ക്ക് കോണ്‍ക്രീറ്റ് ജോലിചെയ്യുമ്പോഴാണ് ശരീരത്തില്‍ പൊള്ളല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
അതേസമയം പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. ഇന്നലത്തെ ഉയര്‍ന്ന താപനില 40ഉം കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസുമാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം 74 ഡിഗ്രിയും. ചൂട് അസഹ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി ഒഴിവാക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ടാഴ്ചത്തേക്ക് താപനില 39 ഡിഗ്രിയിലും താഴെവരാന്‍ സാധ്യത കുറവാണെന്ന് മുണ്ടൂര്‍ ഐആര്‍ടിസി അധികൃതര്‍ അറിയിച്ചു.
കനത്ത ചൂടിന് ആശ്വാസമായി തലസ്ഥാനത്ത് വേനല്‍മഴ പെയ്തു. ഈ വേനല്‍ക്കാലത്തെ ആദ്യമഴയാണ് ഇന്നലെ വൈകീട്ട് തിരുവനന്തപുരം നഗരത്തില്‍ ലഭിച്ചത്. ഇടിയോടുകൂടിയ ശക്തമായ മഴ അരമണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. 35.2 ഡിഗ്രിയായിരുന്നു രണ്ടുദിവസമായി അനുഭവപ്പെട്ടിരുന്ന ചൂട്. കുറഞ്ഞ താപനില 27 ഡിഗ്രിക്കു മുകളിലും ഉയര്‍ന്നിരുന്നു. ഇന്നലെ അപ്രതീക്ഷിതമായി ലഭിച്ച വേനല്‍മഴ കത്തുന്ന ചൂടിന് തെല്ലൊരാശ്വാസം പകര്‍ന്നിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഒറ്റപ്പെട്ട വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഏപ്രില്‍ ആദ്യവാരത്തോടെ വ്യാപകമായ മഴ ലഭ്യമാവും. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസമാണ് ചൂടു കൂടാന്‍ കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. സമുദ്രജലത്തിന്റെ ചൂട് വര്‍ധിച്ച് ഉഷ്ണജലപ്രവാഹമായി അനുഭവപ്പെടുന്ന പ്രതിഭാസമാണ് എല്‍നീനോ. ഇതാണ് തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചൂടു വര്‍ധിക്കാന്‍ കാരണം. സാധാരണ മാര്‍ച്ച് മാസം അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ മൂന്നിരട്ടിവരെ വര്‍ധിച്ച ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സാധാരണ മാര്‍ച്ച് അവസാനത്തോടെയാണ് താപനില വര്‍ധിക്കുക. എന്നാല്‍, ഇത്തവണ നേരത്തെ എത്തിയ കനത്ത ചൂട് സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയ്ക്കു കാരണമാവുമെന്ന വിലയിരുത്തലുണ്ട്. തീരപ്രദേശങ്ങളിലും ഹൈറേഞ്ചിലും കനത്ത കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വൈദ്യുതി ഉല്‍പാദനത്തെയും കാര്യമായി ബാധിക്കും. കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ കിട്ടിത്തുടങ്ങുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്.
Next Story

RELATED STORIES

Share it