പാലക്കാട്ട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; 55 പവന്‍ ആഭരണങ്ങളടങ്ങിയ പെട്ടി മോഷണസംഘം കൈക്കലാക്കി

പാലക്കാട്: പാലക്കാട് നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്വര്‍ണക്കവര്‍ച്ച. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഉത്തരേന്ത്യക്കാരായ സ്ത്രീകളടങ്ങുന്ന സംഘം 55 പവന്‍ ആഭരണങ്ങളടങ്ങിയ പെട്ടിയുമായി കടന്നുകളഞ്ഞു. റെയില്‍വേ സ്‌റ്റേഷനടുത്ത ജിബി റോഡിലെ തുളസി ജ്വല്ലറിയില്‍ ഇന്നലെ രാവിലെ 10.30ഓടെയാണു സംഭവം.
ജ്വല്ലറി ഉടമ വടക്കന്തറ രാംഗനഗര്‍ തുളസീദാസും രണ്ടു ജീവനക്കാരുമാണ് ഈസമയം ഉണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീകളടങ്ങിയ സംഘം കടയിലെത്തി. മൂന്നു സ്ത്രീകളും 15 വയസ്സ് പ്രായംതോന്നിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കൈക്കുഞ്ഞും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ ലോക്കറ്റ് വേണമെന്നാവശ്യപ്പെട്ടു.
കടയില്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള സ്വര്‍ണാഭരണങ്ങളടങ്ങിയ ചെറിയ പെട്ടി മേശയ്ക്കു മുകളില്‍ വച്ചതായിരുന്നു തുളസീദാസ്. ജീവനക്കാര്‍ ലോക്കറ്റുകള്‍ നിരത്തിയപ്പോള്‍ സ്വര്‍ണമടങ്ങിയ പെട്ടി കാഷ് കൗണ്ടറിനു സമീപംവച്ച് തുളസീദാസ് ഇവര്‍ക്കുസമീപം ചെന്നു. ഇതിനിടയില്‍ സംഘത്തിലെ പെണ്‍കുട്ടി പെട്ടി കൈക്കലാക്കി. ലോക്കറ്റ് വേണ്ടെന്നു പറഞ്ഞ സ്ത്രീകള്‍ ഉടന്‍ സ്ഥലംവിടുകയും ചെയ്തു. അപ്പോഴും പെട്ടിയുടെ കാര്യം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണു പെട്ടി കാണാതായ വിവരമറിയുന്നത്.
സംഭവമറിഞ്ഞ് നോര്‍ത്ത് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പ്രതികള്‍ക്കായി വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടയിലെ സിസിടിവി കാമറയില്‍ നിന്നു പ്രതികളുടെ ചിത്രങ്ങളും മോഷണദൃശ്യങ്ങളും ശേഖരിച്ചു. കൂട്ടത്തിലെ പെണ്‍കുട്ടി പെട്ടി കൈക്കലാക്കുന്നതും സംഘം സ്ഥലംവിടുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതിര്‍ത്തിമേഖലകളിലും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
Next Story

RELATED STORIES

Share it