Kerala

പാലക്കാട്ടെ തോല്‍വി; ബിജെപിയില്‍ കലഹം

പാലക്കാട്ടെ തോല്‍വി; ബിജെപിയില്‍ കലഹം
X
bjp

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ബിജെപിയിലും പൊട്ടിത്തെറി. മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാര്‍ പാലക്കാട്ട് മല്‍സരിച്ച തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് ദേശീയ നിര്‍വാഹകസമിതിയംഗം ശോഭ സുരേന്ദ്രന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കു പരാതി നല്‍കി. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ശോഭ ഉന്നയിച്ചിരിക്കുന്നത്. തന്നെ തോല്‍പ്പിക്കാന്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. ജില്ലാ-സംസ്ഥാന നേതൃത്വത്തിനും ഇതിനു പങ്കുണ്ട്. വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. സംസ്ഥാനത്താദ്യമായി ബിജെപി ഭരിച്ച പാലക്കാട് നഗരസഭയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചാരണത്തിനായി കൃഷ്ണകുമാര്‍ കൊണ്ടുപോയി. ഇത് പാലക്കാട്ടെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പാര്‍ട്ടി വോട്ടുകളും പൂര്‍ണമായി തനിക്കു ലഭിച്ചിട്ടില്ല. ഗൂഢനീക്കം നടത്തി പാര്‍ട്ടിയുടെ വിജയത്തിനെതിരേ പ്രവര്‍ത്തിച്ച കൃഷ്ണകുമാറിനെതിരേ നടപടി വേണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഭൂരിപക്ഷം പേരും നിര്‍ദേശിച്ച സി കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ പാലക്കാട്ടെ ബിജെപിയില്‍ കലഹം ആരംഭിച്ചിരുന്നു. പ്രാദേശികവികാരം മാനിക്കാതെ ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും തീരുമാനമാണ് അടിച്ചേല്‍പ്പിച്ചത്. ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങ് ശോഭ സുരേന്ദ്രന്‍ എത്തുംമുമ്പേ നേതാക്കള്‍ നടത്തിയതും സുരേഷ് ഗോപി പങ്കെടുത്ത പ്രചാരണയോഗത്തില്‍നിന്ന് കൃഷ്ണകുമാര്‍ വിട്ടുനിന്നതും വിവാദമായിരുന്നു. തുടര്‍ന്നാണു കൃഷ്ണകുമാറിനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയത്. വി എസ് അച്യുതാനന്ദനെതിരേ ശക്തമായ പോരാട്ടം നടത്തി ബിജെപി രണ്ടാംസ്ഥാനത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി  വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലമായിരുന്നു പാലക്കാട്.
Next Story

RELATED STORIES

Share it