പാലക്കാട്ടെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തനരഹിതം

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 'അമ്മത്തൊട്ടില്‍' സംരംഭം രണ്ടുവര്‍ഷമായി പ്രവര്‍ത്തനരഹിതം. സാങ്കേതിക പ്രശ്‌നങ്ങളും അധികൃതരുടെ അനാസ്ഥയുമാണ് ഇതിനു കാരണമെന്ന് ആശുപത്രി മേധാവികള്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ആശുപത്രിക്കു സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്നാണ് അറിയുന്നത്. കുട്ടിയെ മലമ്പുഴ ആനന്ദ്ഭവനിലേക്കു മാറ്റിയിട്ടുണ്ട്. അമ്മയുടെ പേരില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അമ്മത്തൊട്ടില്‍ പൂട്ടിക്കിടക്കുന്നതും ഈ സംഭവത്തിനു കാരണമായിട്ടുണ്ടാവാം എന്നാണു മേധാവികള്‍ വിലയിരുത്തുന്നത്. പ്രസവശേഷം കുഞ്ഞുങ്ങളെ വേണ്ടാത്ത മാതാപിതാക്കളില്‍ നിന്നും ആശുപത്രി കുട്ടികളെ ഏറ്റെടുക്കുകയും ശുശ്രൂഷിച്ചശേഷം പൂര്‍ണ ആരോഗ്യത്തോടെ ശിശുക്ഷേമ സമിതിക്കു കൈമാറുന്ന പ്രവര്‍ത്തനമാണ് അമ്മത്തൊട്ടിലിന്റേത്.
2009 മുതല്‍ 2014 വരെ ഏഴു കുട്ടികളെയാണ് ഈ വിധത്തില്‍ അമ്മത്തൊട്ടില്‍ സമിതിക്കു കൈമാറിയിട്ടുള്ളത്. 2014ല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ പ്രശ്‌നപരിഹാരത്തിനായി 12 ഓളം തവണ ശിശുക്ഷേമസമിതിക്കു പരാതിനല്‍കിയിരുന്നു. നിരവധി തവണ ഫോണ്‍വഴി ബന്ധപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ജയശ്രി പറഞ്ഞു.
Next Story

RELATED STORIES

Share it