palakkad local

പാലക്കാടിന്റെ തുള്ളല്‍പെരുമ വിളിച്ചോതി ടിആര്‍കെഎച്ച്എസ്എസ്

തിരുവനന്തപുരം: തുള്ളലിന്റെ ഉപജ്ഞാതാവ് കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ ജന്മംകൊണ്ടു പ്രസിദ്ധമാണ് പാലക്കാട് ജില്ലയിലെ ലക്കിടി. ലക്കിടിയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ വാണിയംകുളത്തെ ടിആര്‍കെഎച്ച്എസ്എസില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ പാലക്കാടിന്റെ തുള്ളല്‍ പെരുമ വിളിച്ചോതുന്ന പ്രകടനമാണ് യുവജനോല്‍സവത്തിന്റെ ഓട്ടംതുള്ളല്‍ വേദിയില്‍ കാഴ്ചവയ്ക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഓട്ടംതുള്ളല്‍ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനം നേടിയത് ടിആര്‍കെഎച്ച്എസ്എസില്‍ നിന്നുള്ള കുട്ടികളാണ്.
കലോല്‍സവത്തിന്റെ ആദ്യ ദിവസം നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടംതുള്ളലില്‍ ടിആര്‍കെയിലെ പ്ലസ് വണ്‍കാരന്‍ യദുകൃഷ്ണന്‍ ഒന്നാമതെത്തി. ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആര്യ പി മേനോനും ടിആര്‍കെയിലെ വിദ്യാര്‍ഥിയാണ്. ഇന്നു നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടംതുള്ളല്‍ മല്‍സരത്തില്‍ ടിആര്‍കെയില്‍ നിന്നും അനന്തകൃഷ്ണന്‍ എന്ന കൊച്ചുമിടുക്കനും അരങ്ങിലെത്തുന്നുണ്ട്.
കുഞ്ചന്‍ നമ്പ്യാരുടെ നാട്ടുകാരന്‍ എന്നതിലുപരി കുഞ്ചന്‍ സ്മാരക കലാപീഠത്തിലെ വിദ്യാര്‍ഥിയാണ് യദു കൃഷ്ണന്‍. കലാപീഠത്തില്‍ മൃദംഗം അഭ്യസിച്ച ശേഷം ഇപ്പോള്‍ സംഗീത പഠനത്തിലേക്കു തിരിഞ്ഞിരിക്കുകയാണ് യദു. കലാപീഠത്തിലെ നൃത്താധ്യാപികയാണ് യദുകൃഷ്ണന്റെ അമ്മ. അച്ഛനും കലാമണ്ഡലത്തിലെ അധ്യാപകനുമായ മോഹനകൃഷ്ണന്റെ ശിഷ്യരാണു യദുകൃഷ്ണനും, ആര്യയും, അനന്തകൃഷ്ണനും. സിനിമാ പ്രവര്‍ത്തകനായ പ്രദീപിന്റെ മകളാണ് ആര്യ.
വിബിഎച്ച്എസ്എസ് തൃശൂരിലെ പൂര്‍ണിമ ബാബുവിനാണു പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലില്‍ രണ്ടാം സ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി ജിജിഎച്എസ്എസിലെ എസ് അശ്വിനി മൂന്നാംസ്ഥാനം നേടി.
Next Story

RELATED STORIES

Share it