പാറ്റൂര്‍ ഭൂമി ഇടപാട്: മുഖ്യമന്ത്രി ഫഌറ്റ് ഉടമയ്ക്കുവേണ്ടി തിടുക്കം കാട്ടിയെന്ന് വിഎസ്

തിരുവനന്തപുരം: പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഫഌറ്റ് നിര്‍മാണക്കമ്പനിക്ക് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ടി ബി ഹൂദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കേസില്‍ തിങ്കളാഴ്ച വാദം തുടരും.
എന്നാല്‍, പാറ്റൂര്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നതായ വിജിലന്‍സിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തള്ളി. പുറമ്പോക്ക് ഭൂമിയാണെന്നും കൈയേറ്റമല്ലെന്നും വിജിലന്‍സിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ വക്കം ജി ശശീന്ദ്രന്‍ പറഞ്ഞു.
റവന്യൂ, ജലവിഭവം, വിജിലന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ച് ഭൂമി പതിച്ചുനല്‍കാന്‍ അനുമതി നല്‍കിയതെന്ന് വിഎസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജലവിഭവവകുപ്പിന്റെ ഭൂമി ആയതിനാല്‍ ഇത് തിരിച്ചുപിടിക്കണമെന്ന് മന്ത്രി പി ജെ ജോസഫ് ഉത്തരവിട്ടിരുന്നു. ഈ വസ്തു സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ സംയുക്ത കമ്മിറ്റി രൂപീകരിച്ച് റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നിര്‍ദേശം നല്‍കി.
സംയുക്ത കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അഡീഷനല്‍ റവന്യൂ സെക്രട്ടറിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ അനുമതി നല്‍കിയത്.ജലവിഭവ വകുപ്പിന്റെ കാര്യത്തില്‍ മറ്റു വകുപ്പുകള്‍ ഇടപെടാന്‍ പാടില്ലെന്ന നടപടി ചട്ടം നിലനില്‍ക്കെയാണ് അതു മറികടന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ്.
2014 ഏപ്രില്‍ 29നാണ് സംയുക്ത കമ്മിറ്റി റിപോര്‍ട്ട് വന്നത്. അന്നുതന്നെ മുഖ്യമന്ത്രി പൈപ്പ്‌ലൈന്‍ മാറ്റിക്കൊടുക്കാന്‍ ഉത്തരവിട്ടു. തന്റെ ഭൂമിയിലൂടെ കടന്നുപോവുന്ന പൈപ്പ്‌ലൈന്‍ മാറ്റണമെന്ന് ഭൂവുടമ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ 14 ലക്ഷം രൂപ അടച്ചാല്‍ പൈപ്പ്‌ലൈന്‍ മാറ്റിത്തരാമെന്ന് ഉത്തരവിറക്കി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ തുക തിരികെ നല്‍കി. ഇതു പരിഗണിക്കാതെയാണ് മുഖ്യമന്ത്രി തിടുക്കം കാണിച്ച് ഉത്തരവ് നല്‍കിയതെന്ന് വിഎസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസ് ലോകായുക്ത പരിഗണിക്കുന്നതിനാല്‍ വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ ഹരജി നല്‍കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും പുറമ്പോക്ക് വസ്തുവിലാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുന്നതെന്നും വിജിലന്‍സ് അഭിഭാഷകന്‍ പറഞ്ഞു. വിഎസിനു വേണ്ടി അഡ്വ. വി മനുവും ഹാജരായി.
Next Story

RELATED STORIES

Share it