പാറ്റൂര്‍ ഭൂമി ഇടപാട്: കൈയേറ്റം നടന്നെന്ന് കോടതി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷണം. എന്നാല്‍, കൈയേറ്റം നടന്നതിനു തെളിവുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിയെയും മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.
ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ലോകായുക്തയുടെ അന്തിമതീരുമാനത്തിനു ശേഷം വിഎസിന്റെ ഹരജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പാറ്റൂരില്‍ സ്വകാര്യ ഫഌറ്റ് നിര്‍മാണ കമ്പനിക്കു വേണ്ടി ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നായിരുന്നു വിഎസിന്റെ ആരോപണം. വിഎസിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട കോടതി പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നു പറയാന്‍ കഴിയില്ലെന്നു നിരീക്ഷിച്ചു. റവന്യൂ, വിജിലന്‍സ്, ജല അതോറിറ്റി വകുപ്പുകളുടെ കണ്ടെത്തലുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി മുഖ്യമന്ത്രിയുടെ ഇടപെടലിന് തെളിവില്ലെന്നു നിരീക്ഷിച്ചത്.
ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂ, ജലവിഭവ മന്ത്രിമാര്‍ കണ്ടിരുന്നില്ലെന്ന വിഎസിന്റെ വാദം കോടതി പൂര്‍ണമായും അംഗീകരിച്ചില്ല. അതേസമയം, ഫഌറ്റ് നിര്‍മാണ കമ്പനി പാറ്റൂരില്‍ 16 സെന്റിലധികം ഭൂമി കൈയേറിയെന്ന കണ്ടെത്തല്‍ കോടതി ശരിവച്ചു. ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മീഷന്റേതടക്കം റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരുന്നു ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്റെ നിരീക്ഷണം.
പരാതിക്കാരന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായ റൂള്‍സ് ഒാഫ് ബിസിനസിലെ വ്യവസ്ഥകള്‍ മുഖ്യമന്ത്രിയും ഇ കെ ഭരത്ഭൂഷണും ലംഘിച്ചെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ അഭിഭാഷകന്റെ വാദം.
റവന്യൂ, വിജിലന്‍സ്, ജലവിഭവ വകുപ്പുകളുടെ അഭിപ്രായം ഇവര്‍ തേടേണ്ടതായിരുന്നു. അല്ലെങ്കില്‍ മന്ത്രിസഭ ചര്‍ച്ചചെയ്യണമായിരുന്നുവെന്നും വിഎസ് വാദിച്ചു. മാര്‍ച്ച് 29ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it