പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളതായി ഡിജിപി ജേക്കബ് തോമസ്. ബാര്‍ കോഴക്കേസിലെ കാര്യങ്ങളെല്ലാം ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയടക്കം ആരുമായും ശത്രുതയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. പാറ്റൂര്‍ ഭൂമി ഇടപാടില്‍ കൈയേറ്റവും ഭരണനിര്‍വഹണത്തിലെ വീഴ്ചയും സംഭവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഭൂമിയാണിതെന്നും അതു തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
എന്നാല്‍, മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഴിമതിയില്‍ പങ്കുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് നിഗമനങ്ങളിലെത്താന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് എല്ലാമറിയാമെന്നാണ് കരുതുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ല. സിഐ, ഡിവൈഎസ്പി റാങ്കില്‍ ഉള്ളവരായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ മേല്‍നോട്ടം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണെന്നും വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗമായിരുന്നു താനെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പില്‍ ഇരുന്ന സമയത്ത് അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ എടുത്തപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് വലിയ പിന്തുണ നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it