പാറ്റൂര്‍ ഫഌറ്റ് നിര്‍മാണത്തിനു കൈയേറി; 12 സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: പാറ്റൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി കൈയേറിയ 12 സെന്റ് സ്ഥലം തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്. സ്വകാര്യ ഫഌറ്റ് നിര്‍മാണ കമ്പനിയായ ആര്‍ട്ടെക്കിന്റെ കൈവശമുള്ള ഭൂമിയാണു തിരിച്ചുപിടിക്കുക. ഭൂമി വേലികെട്ടിത്തിരിക്കാന്‍ കലക്ടര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി.
നേരത്തെ അഭിഭാഷക കമ്മീഷനും അമിക്കസ് ക്യൂറിയും പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. 12 സെന്റ് ഭൂമിയുടെ കാര്യത്തില്‍ ഫഌറ്റ് നിര്‍മാതാക്കള്‍ക്കു തര്‍ക്കമില്ലാത്ത സാഹചര്യത്തിലാണു ജില്ലാ കലക്ടറോട് ഭൂമി തിരിച്ചുപിടിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉത്തരവിട്ടത്.
പാറ്റൂരില്‍ ജല അതോറിറ്റിയുടെ ഭൂമിയും പുറമ്പോക്ക് ഭൂമിയും ഫഌറ്റ് നിര്‍മാതാവിന് വഴിവിട്ടുനല്‍കിയെന്നാണു പരാതി. ഇവിടെ വ്യത്യസ്ത സര്‍വേ നമ്പറുകളിലായി 16ഉം 12ഉം സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് അമിക്കസ്‌ക്യൂറിയും അഭിഭാഷക കമ്മീഷനും വ്യത്യസ്ത റിപോര്‍ട്ടുകള്‍ നല്‍കിയിരുന്നു. 12 സെന്റ് പുറമ്പോക്ക് ഭൂമി കൈവശമുണ്ടെന്നു ലോകായുക്തയിലും വിജിലന്‍സ് കോടതിയിലും ഫഌറ്റ് നിര്‍മാതാവിന്റെ അഭിഭാഷകന്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ കൈയേറിയ ഭൂമിയില്‍ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നു പറഞ്ഞപ്പോള്‍ വിവാദ ഭൂമിയില്‍ നിര്‍മാണം നടക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ മറുചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാനും കമ്പനി അഭിഭാഷകന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൈയേറിയ ഭൂമി തിരികെ നല്‍കണമെന്ന കോടതിവിധി വന്നത്.
പാറ്റൂരില്‍ 16 സെന്റിലധികം പുറമ്പോക്ക് ഭൂമി ഉണ്ടാവാമെന്ന് ലോകായുക്ത ഉത്തരവില്‍ പറയുന്നു. ഇതില്‍ നിലവില്‍ ആരും തര്‍ക്കമുന്നയിക്കാത്ത 12 സെന്റാണ് ജില്ലാ കലക്ടര്‍ തിരിച്ചുപിടിക്കേണ്ടത്. അതിര്‍ത്തി തിരിച്ച് തിരിച്ചുപിടിച്ച ശേഷമാണ് ലോകായുക്തയ്ക്ക് റിപോര്‍ട്ട് നല്‍കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, കൂടുതല്‍ പുറമ്പോക്ക് ഭൂമി ഫഌറ്റ് നിര്‍മാതാക്കളുടെ കൈവശമുണ്ടെന്ന അഭിഭാഷക കമ്മീഷന്‍ റിപോട്ടിന്‍മേല്‍ ലോകായുക്ത തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നാണു ലോകായുക്തയുടെ നിലപാട്. വിഷയത്തില്‍ ഇന്നു വാദംകേള്‍ക്കും. പാറ്റൂരിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റിസ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന കേസാണ് ലോകായുക്ത പരിഗണിക്കുന്നത്. ഈ കേസില്‍ വാദം തുടരുന്നതിനിടെയാണ് 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരമാണു ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it