malappuram local

പാറല്‍ മാലിന്യ പ്രശ്‌നം: കലക്ടര്‍ സന്ദര്‍ശിച്ചു; ഫണ്ട് ചെലവഴിക്കാന്‍ പഞ്ചായത്തിന് അനുമതി നല്‍കും

പെരിന്തല്‍മണ്ണ: പാറലില്‍ അനധികൃതമായി മാലിന്യം തള്ളിയ സ്ഥലം ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റവന്യു ഉദ്യോസ്ഥരോടാപ്പം സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ പി ഹാജറുമ്മ ടീച്ചറുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രദേശവാസികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടതായും മാലിന്യസംസ്‌കരണത്തിന് തടസ്സമായി നില്‍ക്കുന്ന ഫണ്ടിന്റെ കുറവ് പരിഹരിക്കുന്നതിനായി ലഭ്യമായ തുക ഈ ആവശ്യത്തിനായി ചെലവഴിക്കാനുള്ള അധികാരം പഞ്ചയത്തിന് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
പിന്നീട് ഈ തുക ബന്ധപ്പെട്ടവരില്‍ നിന്ന് റവന്യു റിക്കവറിയിലൂടെ തിരിച്ച് പിടിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള പാലക്കാട് കഞ്ചിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി തയ്യാറാക്കി പഞ്ചയത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. 4.35 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഇതു പ്രകാരം മാലിന്യം പുറത്തെടുത്ത് ഇവിടെ തന്നെ സംസ്‌കരിക്കും. ഇതിനായി മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍ കുഴിയെടുത്ത് അരയടി കനത്തില്‍ കുമ്മായവും അതിനു മീതെ രണ്ടടി കനത്തില്‍ കോഴി അവശിഷ്ടവും എന്ന തോതില്‍ ബ്ലീച്ചിങ് പൗഡറോ ഇഎം സൊലൂഷനോ കലര്‍ത്തി കുഴി നിറച്ച് ജൈവ വളമാക്കി മാറ്റും.
മക്കരപ്പറമ്പില്‍ നിന്നുള്ള ഗ്രീന്‍വാലിയുടെ നേതൃത്ത്വത്തില്‍ ജൈവ വളമാക്കി നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 18 കുഴികളില്‍ രണ്ട് കുഴികള്‍ തുറന്ന് സംസ്‌കരണം ആരംഭിച്ചെങ്കിലും ആലിപ്പറമ്പ് പഞ്ചായത്ത് നല്‍കിയ ഒരുലക്ഷം രൂപ തീര്‍ന്നതോടെ സംസ്‌കരണം നിലയ്ക്കുകയായിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചു നടത്തേണ്ട പദ്ധതി ആയതിനാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കാത്ത തരത്തില്‍ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്തില്‍ യോഗം ചേരും.
സമരസമിതി പ്രവര്‍ത്തകരായ ഇ പി അസൈനാര്‍ ഹാജി, കെ പി അലി, സി പി കുഞ്ഞലവി, വി കെ നാസര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് എന്ന അപ്പു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it