Idukki local

പാറമടയ്‌ക്കെതിരേ ജനങ്ങള്‍ സമരവുമായി രംഗത്ത്

തൊടുപുഴ: കാഞ്ഞാര്‍ കൈപ്പ കവലയ്ക്കു സമീപം സര്‍ക്കാര്‍ ഭൂമിയില്‍ പാറമട ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ സമരവുമായി പൊതുജനങ്ങള്‍ രംഗത്തിറങ്ങി.പാറമടവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് ജനങ്ങള്‍ വെളളിയാഴ്ച പാറമടയിലേക്കും ശനിയാഴ്ച കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തി
കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ തങ്കപ്പന്റെയും കാഞ്ഞാര്‍, കാളിയാര്‍, കരിങ്കുന്നം, കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനുകളിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെയും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ട്രിംങ്ങര്‍ ടീമിന്റേയും നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമെത്തിയാണ് മാര്‍ച്ച് തടഞ്ഞത്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ജനജീവിധത്തിനും ഭീഷണിയുയര്‍ത്തുന്ന പാറമട പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പാറപൊട്ടിക്കുവാനുള്ള നീക്കം അധികൃതരുടെ ഒത്താശയിലൂടെ മാത്രമേ നടക്കുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതിഷേധ പരിപാടികള്‍ക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജാ ഷാജി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തംഗം റ്റി സി ഗോപാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ വി സണ്ണി, സുനില്‍ സെബാസ്റ്റ്യന്‍, പി എം തോമസ്, ജിന്‍സ്, പി ഡി ജോസ്, സമരസമിതി നേതാക്കളായ ജോണ്‍സണ്‍ ഓടക്കല്‍, സിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനിടെ പാറമടയുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് വന്‍സംഘര്‍ഷത്തിന് സാദ്ധ്യതയുണ്ടെന്ന് കാഞ്ഞാര്‍ പോലിസ് ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതിനാല്‍ പാറമടക്കുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന് പോലീസ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്.
എന്നാല്‍ നിയമമനുസരിച്ച് പാട്ടത്തിനാണ് സര്‍ക്കാര്‍ ഭൂമി പാറമട നടത്തുവാന്‍ വിട്ടു നല്‍കിയിരിക്കുന്നതെന്ന് വെള്ളിയാമറ്റം വില്ലേജ് അധികൃതര്‍ പറഞ്ഞു.പാട്ടവ്യവസ്ഥയിലെ നിബന്ധനകളെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങള്‍ തഹസില്‍ദാര്‍ക്കും താലൂക്കോഫീസിനും മാത്രമേ അറിയുകയുള്ളൂവെന്നും വെളളിയാമറ്റം വില്ലേജ് ഓഫീസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it