പാറമടയിലെ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കഴക്കൂട്ടം: പാറമടയിലെ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് വാവറമ്പലത്തിന് സമീപം അയണിമൂട് വാറുവിളാകത്ത് വീട്ടില്‍ ലോട്ടറിവകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടായ വേണുഗോപാലന്‍ നായര്‍(52), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന അഖില്‍(27) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം. സംഭവം ആത്മഹത്യയാണെന്നും സംശയമുണ്ട്. അപകടം നടക്കുമ്പോള്‍ കാറിന്റെ വേഗം കുറവായിരുന്നുവെന്നും പാറമടയിലേക്ക് ഓടിച്ചിറക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
മരിച്ച വേണുഗോപാലന്റെ പോങ്ങുമൂടുള്ള അനുജന്‍ സുരേന്ദ്രന്റെ വീട്ടില്‍നിന്നു കണ്ണനെ വിളിച്ച് പോത്തന്‍കോടുള്ള വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോത്തന്‍കോട് പ്ലാമൂട് ചിറ്റക്കരയിലെ 300 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളാണ് സംഭവം ആദ്യം കണ്ടത്.
വിവരമറിഞ്ഞ ഉടന്‍ തന്നെ പോത്തന്‍കോട് പോലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് ചാക്ക, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലില്‍ രാവിലെ ഒമ്പതോടെയാണ് കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം വേണുഗോപാലന്റെ മൃതദേഹവും കണ്ടെത്തി. വേണുഗോപാലന്റെ മൃതദേഹം 100 അടി താഴ്ചയില്‍നിന്നും കണ്ണന്റെ മൃതദേഹം 50 അടി താഴ്ചയില്‍നിന്നുമാണു ലഭിച്ചത്. 200 അടിയോളം വെള്ളമാണ് പാറമടയിലുള്ളത്.
അഖിലിന്റെ പ്രണയബന്ധത്തെച്ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഓഫിസിലെത്തി ബഹളമുണ്ടാക്കുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വേണുഗോപാലനെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നുണ്ട്. സുരേന്ദ്രന്റെ വീട്ടില്‍ പോവുന്നതിനു മുമ്പ് വേണുഗോപാല്‍ ഇരുവരുടെയും ഫോട്ടോയും മേശപ്പുറത്ത് എടുത്തുവച്ചിരുന്നു. ഗീതയാണ് വേണുഗോപാലന്റെ ഭാര്യ. അമല്‍ ഇളയ മകനാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Next Story

RELATED STORIES

Share it