പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. സമ്മേളനം പ്രക്ഷുബ്ധമാവുമെന്നാണ് സൂചന. അസഹിഷ്ണുത മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവരെ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഈ വിഷയങ്ങള്‍ സര്‍ക്കാരിനെതിരായ ആയുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പ്രതിപക്ഷ കക്ഷികളില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലേയും ജെഡിയുവിലേയും നേതാക്കള്‍ അസഹിഷ്ണുതയും അവാര്‍ഡ് തിരിച്ചു നല്‍കലും വലിയ പ്രതിഷേധമായി ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആസ്സാം ഗവര്‍ണര്‍ ഈയിടെ നടത്തിയ പ്രസ്താവന ബിഹാറിലെ തിരിച്ചടിയില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് ട്വിറ്ററില്‍ കുറിച്ചു.സംവരണ പ്രശ്‌നവും, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, പച്ചക്കറികള്‍ എന്നിവയുടെ വിലവര്‍ധനയും സഭയില്‍ ഉന്നയിക്കുമെന്നും യാദവ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യത്തെ രണ്ടു ദിവസം ഭരണഘടനയുടേയും ബി ആര്‍ അംബേദ്കറുടേയും സ്മരണയ്ക്കായി നീക്കിവച്ചിട്ടുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ശീതകാല സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സഭയില്‍ പ്രതിനിധ്യമുള്ള മുഴുവന്‍ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ നേതാക്കളുടെ യോഗവും നടക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം ഉറപ്പായതിനാല്‍ എന്തുനിലപാട് സ്വീകരിക്കുമെന്നതു സംബന്ധിച്ചാവും ബിജെപിയുടെയും എന്‍ഡിഎയുടെയും യോഗത്തിലെ പ്രധാന അജണ്ട. ഇന്ന് പ്രതിപക്ഷ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പല നിര്‍ണായക ബില്ലുകളും അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളാവും പ്രതിപക്ഷം ആവിഷ്‌കരിക്കുക.
സമ്മേളനത്തിനു മുന്നോടിയായി എംപിമാര്‍ക്ക് സ്പീക്കര്‍ കത്തയച്ചു. സഭയില്‍ മാന്യമായി പെരുമാറണമെന്ന് സ്പീക്കര്‍ കത്തില്‍ അഭ്യര്‍ഥിച്ചു. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും മാന്യതയോടെയും ശാന്തമായും പരസ്പരം പെരുമാറണമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നിസ്സഹകരണം മൂലം കാര്യമായ നടപടിക്രമങ്ങളൊന്നും നടക്കാതെയായിരുന്നു വര്‍ഷകാല സമ്മേളനം സമാപിച്ചത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശീതകാല സമ്മേളനം.
Next Story

RELATED STORIES

Share it