പാര്‍ലമെന്റ് ആക്രമണക്കേസ്; അഫ്‌സല്‍ ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ ശക്തമായ സംശയമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. അഫസല്‍ ഗുരുവിന്റെ കാര്യത്തില്‍ കോടതി ശരിയായ തീരുമാനമാണ് എടുത്തതെന്നു പറയാനാവില്ലെന്നും യുപിഎ മന്ത്രിസഭയില്‍ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വഹിച്ചിരുന്ന പി ചിദംബരം പറഞ്ഞു.
മന്ത്രിസഭയിലിരുന്നുകൊണ്ട് കോടതി വിധിക്കെതിരേ പറയാന്‍ കഴിയുമായിരുന്നില്ല. കാരണം സര്‍ക്കാര്‍ തന്നെയാണ് അഫ്‌സലിനെ പ്രോസിക്യൂട്ട് ചെയ്യുന്നത്. എന്നാല്‍ സ്വതന്ത്രനായ വ്യക്തി എന്ന നിലയ്ക്ക് അഫ്‌സല്‍ ഗുരുവിനെതിരെയുള്ള വിധി ശരിയായിരുന്നില്ല എന്നു പറയാം- ചിദംബരം പറഞ്ഞു. ഇക്കേണാമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന് അന്നും സംശയമുണ്ടായിരുന്നു. പരോളില്ലാതെ ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 2008 മുതല്‍ 2012വരെ യുപിഎ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം. 2001ല്‍ പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ 2013ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുമ്പോള്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയായിരുന്നു ആഭ്യന്തരമന്ത്രി.
ഇതേ അഭിപ്രായം പുലര്‍ത്തുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത് അന്യായമാണെന്നും ചിദംബരം പറഞ്ഞു. അക്രമത്തിനു പ്രേരിപ്പിക്കുകയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്. പക്ഷേ, അഭിപ്രായസ്വാതന്ത്ര്യം രാജ്യദ്രോഹമല്ല. വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കിലും രാജ്യദ്രോഹത്തിന് കേസെടുക്കുന്നതു ശരിയല്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശരിയുള്ളവരും തെറ്റുള്ളവരുമുണ്ടാകാം. സര്‍വകലാശാലകളില്‍ പല ചിന്താഗതികളുള്ള ആളുണ്ടാവും. ചിദംബരം പറഞ്ഞു.
പി ചിദംബരം മന്ത്രിയായിരുന്ന സര്‍ക്കാര്‍ തന്നെയല്ലേ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് എന്ന ചോദ്യത്തിന് താന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്നില്ല എന്നായിരുന്നു മറുപടി.
Next Story

RELATED STORIES

Share it