പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്ത് 12 വരെ നടക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയാണു തിയ്യതി നിശ്ചയിച്ചത്.
രാജ്യസഭയില്‍ 45 ബില്ലുകളും ലോക്‌സഭയില്‍ അഞ്ചു ബില്ലുകളും പാസാവാതെ കിടക്കുന്നുണ്ട്. ഇതോടൊപ്പം മൂന്ന് ഓര്‍ഡിനന്‍സുകളും പാസാക്കാനുണ്ട്. ചരക്കുസേവന നികുതി ബില്ല് രാജ്യസഭയിലെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ പാസാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്ലാണു കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യസഭയില്‍ പാസാക്കാതെ കിടക്കുന്ന ബില്ലുകളിലൊന്ന്. ലോക്‌സഭയില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബില്ല്, ബിനാമി ട്രാന്‍സാക്ഷന്‍ ബില്ല് തുടങ്ങിയവയും പാസാവാതെ കിടക്കുന്നുണ്ട്.
ശത്രുസ്വത്ത് നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സ്, നീറ്റ് ഓര്‍ഡിനന്‍സ് തുടങ്ങിയവരും ലോക്‌സഭയുടെ പരിഗണനയ്ക്കു വരും. എന്‍എസ്ജി അംഗത്വം, ആര്‍ബിഐ ഗവര്‍ണര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനും സാധ്യതയുണ്ട്.
അതേസമയം, ചരക്കുസേവന നികുതി ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സുപ്രധാന ബില്ലായാണ് ഇതിനെ തങ്ങള്‍ കണക്കാക്കുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ബില്ലിന്റെ കാര്യത്തില്‍ സമവായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം പലര്‍ക്കും ചില ആശങ്കകളും. താനും ധനമന്ത്രിയും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിവരികയാണ്. നേതാക്കളുമായി സംസാരിക്കാന്‍ പ്രധാനമന്ത്രിയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വെങ്കയ്യ പറഞ്ഞു. ചരക്കുസേവന നികുതി ബില്ല് പാസാക്കാന്‍ അനുവദിക്കാതിരിക്കുന്നത് പാവപ്പെട്ടവര്‍ക്കു ദോഷകരമാണെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it