Pathanamthitta local

പാര്‍ലമെന്ററി പഠനങ്ങള്‍ ഗൗരവമായി നിര്‍വഹിക്കാന്‍ അക്കാദമിക് മേഖലയ്ക്ക് കഴിയുന്നില്ല

കോഴഞ്ചേരി: പാര്‍ലമെന്ററി പഠനങ്ങള്‍ ഗൗരവമായി നിര്‍വഹിക്കാന്‍ അക്കാദമിക് മേഖലയ്ക്ക് കഴിയുന്നില്ലെന്നും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പാര്‍ലമെന്ററി നടപടി ക്രമങ്ങളെക്കുറിച്ചുള്ള അജ്ഞത ജനാധിപത്യ സംവിധാനത്തെ ബാധിക്കുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.
ഈ പരിമിതി മറികടക്കുന്നതിന് പാര്‍ലമെന്ററി പഠനത്തിന് വേണ്ടി ഒരു പ്രത്യേക പഠനവിഭാഗം ആരംഭിക്കണം. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ആരംഭിച്ച പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യത്തെ പാര്‍ലമെന്ററി പഠനവിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാര്‍ലമെന്ററി രംഗത്തെ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്താറുണ്ട്. എന്നാല്‍ ബിരുദ ബിരുദാനന്തര ഗവേഷണ സാധ്യതകളോടെ ഉള്ള ഒരു പഠനകേന്ദ്രമാണ് കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ആരംഭിച്ചിരിക്കുന്നത്.
മൂല്യാധിഷ്ഠിത ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉള്ള പരിശ്രമമാണ് ഈ പഠനകേന്ദ്രത്തിലൂടെ നടക്കേണ്ടതെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ബോധനം നല്‍കുന്ന ഒരു സംവിധാനം സമൂഹത്തിന് ആവശ്യമാണെന്ന് കെ ശിവദാസന്‍നായര്‍ എംഎല്‍എ പറഞ്ഞു. പിന്‍സിപ്പല്‍ ഡോ. റോയ്‌സ് മല്ലശേരി, ഏബ്രഹാം മാത്യൂ, സണ്ണി മൂളമൂട്ടില്‍, ഡോ. ഫിലിപ്പ് വര്‍ഗീസ് പോരട്ടൂര്‍, ഡോ. തോമസ് ജോണ്‍, പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് കെ. അലക്‌സ്, പ്രഫ. സുരേഷ് മാത്യൂ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it