പാര്‍ട്ടി വിട്ടുപോയവര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു: കെ എം മാണി

കോട്ടയം: വിമത പ്രവര്‍ത്തനം നടത്തി പാര്‍ട്ടി— വിട്ടുപോയവര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ ചതിയാണ് ഇവര്‍ നടത്തിയത്. പാര്‍ട്ടിയിലൂടെ വളര്‍ന്ന ഇവര്‍ ഇപ്പോള്‍ പാര്‍ട്ടിയെ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണ്. കെ എം ജോര്‍ജിന്റെ മകന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെങ്കില്‍ കെ എം മാണിയുടെ മകനും ആവാമെന്ന് മാണി പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടിവിട്ടുപോയവര്‍ ദു:ഖിക്കേണ്ടിവരും. അവര്‍ തിരികെ വരുന്നകാലം വിദൂരമല്ല. ഇത്തരത്തില്‍ പോയവരെല്ലാം തിരികെവന്ന ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയുള്ളവര്‍ നിയമസഭയില്‍ വരേണ്ടതാണെന്നും അവര്‍ക്ക് മികച്ച സീറ്റുകള്‍ നല്‍കണമെന്നും താന്‍ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ആന്റണി രാജു ഇപ്പോഴെങ്കിലും സമ്മതിച്ചത് നന്നായി. പാര്‍ട്ടിയ്‌ക്കെതിരേ വിമതര്‍ ഉയര്‍ത്തുന്ന ദുരാരോപണങ്ങള്‍ നിലനില്‍ക്കില്ല. ജനങ്ങള്‍ ഇതിനു വിലകൊടുക്കുകയുമില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്.
വിമതര്‍ എവിടെനിന്നെങ്കിലും മല്‍സരിക്കട്ടെ. അതിനെ ഭയക്കുന്നില്ല. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. സിറ്റിങ് സീറ്റുകളില്‍ വാദം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകള്‍ സംബന്ധിച്ച് പരസ്പര ധാരണയോടെ ഒത്തുതീര്‍പ്പാകാമെന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്കു ലഭിക്കുന്ന സീറ്റുകളില്‍ സൂക്ഷ്മമായ പഠനത്തിനുശേഷമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. ചങ്ങനാശ്ശേരിയില്‍ പുതുമുഖം മത്സരിക്കുമോയെന്ന ചോദ്യത്തിന് സി എഫ് തോമസ് ഇപ്പോഴും പുതുമുഖമാണെന്നായിരുന്നു മാണിയുടെ മറുപടി. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കുമെന്നുള്ള വിമതരുടെ ആരോപണം അസംബന്ധമാണ്. ബാര്‍ കോഴക്കേസിലെ ഗൂഢാലോചനകള്‍ ശബ്ദരേഖയിലൂടെ പുറത്തുവന്നു കഴിഞ്ഞു. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികള്‍ അടുത്തയാഴ്ച യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്കു കടക്കുമെന്നും മാണി പറഞ്ഞു.
Next Story

RELATED STORIES

Share it