പാര്‍ട്ടി പുനസ്സംഘടനയില്‍ വനിതകള്‍ക്കു പ്രാധാന്യം നല്‍കും: സുധീരന്‍

തിരുവനന്തപുരം: പാര്‍ട്ടി പുനസ്സംഘടനാ വേളയില്‍ വനിതാ നേതാക്കള്‍ക്കും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹിളകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിച്ചിരുന്നില്ല. നിലവിലത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം കേരളത്തിലെ കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ്. അതിനായി പാര്‍ട്ടിയുടെ സര്‍വതലങ്ങളും മെച്ചപ്പെടുത്തണം. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനു പോഷക സംഘടനകള്‍ക്കു നിര്‍ണായക പങ്കാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ സമരപരമ്പരകള്‍ നടത്തേണ്ടതിനാല്‍ നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ദൗത്യമാണ് പാര്‍ട്ടിക്ക് ഏറ്റെടുക്കാനുള്ളത്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലയും തമ്മില്‍ ബന്ധമുണ്ട്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 30 ഡോളറില്‍ താഴ്ന്നിട്ടുപോലും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ വരുന്ന 20ന് എല്ലാ നിയോജകമണ്ഡലങ്ങളിലും നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും കൂട്ടധര്‍ണയും സംഘടിപ്പിക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതും സുരക്ഷ ഉറപ്പുവരുത്തുന്നതുമായ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടു പോവുമെന്നും സുധീരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it