Idukki local

പാര്‍ട്ടി തീരുമാനം ലംഘിച്ചു; പഞ്ചായത്ത് പ്രസിഡന്റുമാരുള്‍പ്പെടെ 15 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

ഇടുക്കി: പാര്‍ട്ടി തീരുമാനം ലംഘിച്ച് റിബലുകളായി മല്‍സരിക്കുന്ന മൂന്ന് പഞ്ചായത്ത് പ്രസിഡന്റമാര്‍ അടക്കമുളളവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസ് (ഒന്നാം വാര്‍ഡ്).മുന്‍ പഞ്ചായത്തംഗം വി കെ സുരേന്ദ്രന്‍ (വാര്‍ഡ് 5), അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ജോയി(വാര്‍ഡ് 13), ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുലോചന രാജഗോപാല്‍(വാര്‍ഡ് 9), പളളിവാസല്‍ പഞ്ചായത്ത് മുന്‍ അംഗം ബെന്നി ഫിലിപ്പ്(വാര്‍ഡ് 14), കല്ലാര്‍ ബ്ലോക്ക് ഡിവിഷനില്‍ മല്‍സരിക്കുന്ന ഷൈലാ ജോസ്, രാജകുമാരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ബേബി തേവര്‍കോട്ട്(വാര്‍ഡ് 9), കരിമണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ വി തങ്കച്ചന്‍(വാര്‍ഡ് 3), കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം മത്തച്ചന്‍(കിളിയറ വാര്‍ഡ്), മോളി ജോര്‍ജ്(പെരുവന്താനം പഞ്ചായത്ത് നാലാം വാര്‍ഡ്), ഐ.എന്‍.ടി.യു.സി പെരുവന്താനം മണ്ഡലം പ്രസിഡന്റ് സി എ യൂസഫ്, വെളളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമന്‍(വാര്‍ഡ് 5), പഞ്ചായത്തംഗങ്ങളായ മോഹന്‍ദാസ് പുതുശേരി (വാര്‍ഡ് 8), സിബി ജേക്കബ് (വാര്‍ഡ് 9), എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്.
തങ്കമ്മ രാമന്‍, മോഹന്‍ദാസ് പുതുശേരി എന്നിവര്‍ പഞ്ചായത്ത് പാര്‍ട്ടി അംഗത്വങ്ങള്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കന്ന റിബലുകളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ഇതിനെ തുടര്‍ന്നാണ് ജില്ല നേതൃത്വം റിബലുകളെ പുറത്താക്കിയത്.
ജില്ലയില്‍ യുഡിഎഫിന്റെ ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസ്സിലും മുസ്‌ലിം ലീഗിലും റിബല്‍ സ്ഥാനാര്‍ഥികളുടെ ഭീക്ഷണിയുണ്ട്. വരും ദിവസങ്ങളില്‍ ഈ പാര്‍ട്ടികളില്‍ നിന്നു കൂടുതല്‍ പേരെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
അതേസമയം മൂന്നാര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ഥി എസ് സ്റ്റാന്‍ലിക്കെതിരേ മല്‍സരിക്കുന്ന ബ്രാഞ്ച് സെക്രട്ടറി എസ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it