പാര്‍ട്ടി അധ്യക്ഷന്‍മാരുടെ കോട്ട(യം)

കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിറവികൊണ്ടും പിളര്‍പ്പുകൊണ്ടും ശ്രദ്ധേയമായ കോട്ടയം ഏറ്റവും കൂടുതല്‍ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ നാട് എന്ന നിലയിലും ചരിത്രമാവുന്നു. സിപിഐ, ബിജെപി, എന്‍സിപി, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (പി സി തോമസ്), കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം), സിഎംപി എന്നീ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ കോട്ടയത്തുകാരാണ്.
പാലാ സ്വദേശിയായ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പാലായില്‍ വീണ്ടും മല്‍സരത്തിനിറങ്ങുന്നു. മണ്ഡലം രൂപീകരണം മുതല്‍ പാലായിലെ എംഎല്‍എ കെ എം മാണിയാണ്. കോട്ടയം കുമ്മനം സ്വദേശിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം വട്ടിയുര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയാണ്. കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) ചെയര്‍മാന്‍ സ്‌കറിയ തോമസ് കടുത്തുരുത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. മുമ്പ് രണ്ട് തവണ കോട്ടയത്തു നിന്ന് ലോക്‌സഭാംഗവുമായിരുന്നു.
കോട്ടയം ഉഴവൂര്‍ സ്വദേശിയായ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ 2001ല്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ഇത്തവണ മല്‍സരരംഗത്ത് ഇല്ലെങ്കിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സംസ്ഥാനത്തുടനീളം സജീവ സാന്നിധ്യമാണ് അദ്ദേഹം. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കാനം സ്വദേശിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുമ്പ് ഇവിടെ വാഴുര്‍ മണ്ഡലം ആയപ്പോള്‍ നാല് തവണ മല്‍സരിക്കുകയും രണ്ടു തവണ വിജയിക്കുകയും ചെയ്തു.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസാണ് ജില്ലക്കാരനായ മറ്റൊരു നേതാവ്. ഇത്തവണ പാലാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇടത് മുന്നണിക്കൊപ്പമുള്ള സിഎംപിയുടെ ജനറല്‍ സെക്രട്ടറിയായ കെ ആര്‍ അരവിന്ദാക്ഷനും കോട്ടയം സ്വദേശിയാണ്.
Next Story

RELATED STORIES

Share it