പാര്‍ട്ടിസിപ്പേറ്റ് കുറലിപുംകമുകെ ഓറവ, ശുക്ക്‌റിയ

ഇയാസ് മുഹമ്മദ്

കോഴിക്കോട്: 'ആമിന്‍ ലക്ഷദ്വീപ് കുതീന കേരളയാങ്ങാസ്‌കിം പാര്‍ട്ടിസിപ്പേറ്റ് കുറലിപുംകമുകെ ഓറവ, ശുക്ക്‌റിയ (ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലെത്തി ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം, നന്ദി)- പരാധീനതകളുണ്ടെങ്കിലും പരിഭവമേതുമില്ലാതെ മഹല്‍ ഭാഷയില്‍ സാഹിറ തസ്‌നിം ടീച്ചര്‍ നിറഞ്ഞ മനസ്സാല്‍ നന്ദിചൊല്ലി.
ലക്ഷദ്വീപിലെ കൊച്ചു കൊച്ചു ദ്വീപുകളില്‍ നിന്നുള്ള 27 കുട്ടികള്‍ക്ക് ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതു തന്നെ വലിയകാര്യമാണ്. സിന്തറ്റിക് ട്രാക്കോ, പരിശീലനത്തിന് ഉചിതമായ സൗകര്യങ്ങളോ ഇല്ലെങ്കിലും പൂഴി വിരിച്ച് താല്‍ക്കാലികമായി തയ്യാറാക്കുന്ന ട്രാക്കില്‍ ബൂട്ടിട്ട് ഓടിയും ചാടിയും പരിശീലിച്ചാണ് അവര്‍ ഇവിടെ വരെ എത്തിയത്. ആന്ത്രോത്ത്, കവരത്തി തുടങ്ങി വിവിധ ദ്വീപുകളില്‍ നിന്ന് 11 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമടങ്ങുന്ന 27 മല്‍സരാര്‍ഥികളാണ് കോഴിക്കോട്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി തുടര്‍ച്ചയായി ഇവര്‍ മല്‍സരരംഗത്തുണ്ട്. മികച്ച വിജയങ്ങള്‍ ഒന്നും നേടാറില്ലെങ്കിലും റിലേ, സ്പ്രിന്റ് തുടങ്ങിയ മല്‍സരങ്ങളില്‍ കടുത്ത പോരാട്ടമാണ് ഈ കുട്ടികള്‍ കാഴ്ചവെക്കാറുള്ളത്.
മല്‍സരം തുടങ്ങുന്നതിന് 10 ദിവസം മുമ്പ് എറണാകുളത്തെ മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ നേടിയ പരിശീലനം മാത്രമാണ് ഇവര്‍ക്ക് ഏക ആശ്വാസം. കഴിഞ്ഞ 13, 16 തിയ്യതികളിലായി കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സിന്തറ്റിക് ട്രാക്കിലെ പരിശീലനം ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് കോച്ച് പറയുന്നു.
പഞ്ചാബിലും കണ്ണുരിലുമായി സ്‌പോര്‍ട്‌സ് അക്കാദമികളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാവേദ് ആണ് പരിശീലകന്‍. ജാമി, സാഹിറ തസ്‌നിം എന്ന സഹ പരിശീലകരും ടീം മാനേജര്‍ നൗഫലും വിദ്യാര്‍ഥികള്‍ക്കൊപ്പം സജീവമാണ്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി സഹായം നല്‍കുമെന്നല്ലാതെ വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ലക്ഷദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. എങ്കിലും വിദ്യാര്‍ഥികളുടെയും പരിശീലകരുടെയും താല്‍പര്യത്തില്‍ മല്‍സരിക്കുന്ന ഇവര്‍ക്ക് ചെറിയ വിജയങ്ങള്‍ പോലും വലിയ നേട്ടങ്ങളാണ്.
Next Story

RELATED STORIES

Share it