പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി സാബു എബ്രഹാമിനെ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രഫ. സതീഷ് ചൊള്ളാനിയെ പാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പദവിയില്‍ നിന്നു താല്‍ക്കാലികമായി മാറ്റി നിര്‍ത്തി ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ സജീവിനെ ചുമതലയേല്‍പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിയെ കേരളാ കോണ്‍ഗ്രസ്സിന് അടിയറ വച്ചെന്നാരോപിച്ച്് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരേ പാലായില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. ഡിസിസി ജനറല്‍ സെക്രട്ടറി സാബു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രക്ഷാസമിതിയാണ് പോസ്റ്ററുകള്‍ പതിച്ചത്. 2020ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു നല്‍കാമെന്ന് കരാറുണ്ടെന്നായിരുന്നു സാബു എബ്രഹാമിന്റെ ആരോപണം. കോണ്‍ഗ്രസ്സിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതി സമരവും നടത്തിയിരുന്നു. മുതിര്‍ന്ന നേതാവ് എം എം ജേക്കബാണ് സമരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, യുഡിഎഫ് സംവിധാനം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നായിരുന്നു ബ്ലോക്ക് പ്രസിഡന്റിന്റെ നിലപാട്. മുന്നണിയില്‍ പരസ്യമായി ഭിന്നത ഉടലെടുത്ത പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെ ചുമതലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it