പാര്‍ട്ടിയുടെ അടവുനയം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്പി പ്രത്യേക പ്ലീനം

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ ചേരിയിലും നില്‍ക്കുന്ന ആര്‍എസ്പിയുടെ അടവുനയത്തിനെതിരേ പശ്ചിമ ബംഗാള്‍, ബിഹാര്‍, ത്രിപുര, ആന്ധ്ര ഘടകങ്ങളുടെ അതിരൂക്ഷമായ വിമര്‍ശനം. നിലപാട് തിരുത്തി ഇടതുപക്ഷത്തേക്കു വന്നില്ലെങ്കില്‍ കേരള ഘടകത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നത് അടക്കമുള്ള കര്‍ശന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് യുഡിഎഫിനൊപ്പം ചേരേണ്ടിവന്നതെന്ന്  കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വാദിച്ചു. യുഡിഎഫിന്റെ ഭാഗത്തുനിന്നു പൂര്‍ണമായ നീതി ലഭിക്കുന്നില്ലെങ്കിലും സിപിഎമ്മിനൊപ്പം ഈ സാഹചര്യത്തില്‍ നിന്നാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അംഗീകരിച്ചില്ല. ഇടതുപക്ഷ ഐക്യം തകര്‍ക്കുന്ന നിലപാടാണിതെന്ന വാദത്തില്‍ അവര്‍ ഉറച്ചുനിന്നു. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുമെന്ന സാഹചര്യം ഉണ്ടായതോടെയാണ് പ്ലീനം വിളിച്ചുകൂട്ടി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് തീരുമാനമായത്. ആറു മാസത്തിനു ശേഷം ബംഗാളില്‍ വച്ചാണ് പ്ലീനം. പ്ലീനത്തിന്റെ തിയ്യതി ഒരു വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതേസമയം, എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രമേയം അവതരിപ്പിക്കാന്‍ മുതിര്‍ന്നെങ്കിലും അവതരണാനുമതി നിഷേധിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായി ടി ജെ ചന്ദ്രചൂഡന്‍ തന്നെ തുടരും. കേരളത്തില്‍ നിന്നു 18 പേര്‍ കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി.
Next Story

RELATED STORIES

Share it