പാര്‍ട്ടിയില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നിട്ടില്ല: ചെന്നിത്തല

കണ്ണൂര്‍: പാര്‍ട്ടിയില്‍ നേതൃമാറ്റം എന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവായശേഷം ആദ്യമായി കണ്ണൂരിലെത്തിയ ചെന്നിത്തല പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അഞ്ചുവര്‍ഷം ശക്തമായ പ്രതിപക്ഷമായി നിയമസഭയ്ക്ക് അകത്തും പുറത്തും തുടരും. കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടാവില്ല. പാര്‍ട്ടിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തും. മദ്യനയത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ല. എന്നാല്‍, ശരിയായ വിധത്തില്‍ പ്രചാരണം നടത്തി അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല. ഇക്കാര്യത്തില്‍ നേതൃത്വത്തിനും പാര്‍ട്ടിക്കും പാളിച്ച സംഭവിച്ചിട്ടുണ്ട്. അതാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം.
ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ വിവാദങ്ങളുണ്ടാക്കുന്നത്. 827 ഏക്കര്‍ വയല്‍ ഏറ്റെടുക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന തെറ്റായ പ്രചാരണമാണു മന്ത്രിമാരായ തോമസ് ഐസക്കും കെ കെ ശൈലജയും നടത്തുന്നത്. ഫയലുകള്‍ പഠിക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയുന്നതു ശരിയല്ല. ഒരു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലം മതി. സ്ഥലമേറ്റെടുത്തത് കലക്ടറുടെ നേതൃത്വത്തിലാണ്. ഏറ്റെടുക്കുന്ന സ്ഥലം പൂര്‍ണമായും വയലാണെന്നു പറയുന്നതും അടിസ്ഥാനരഹിതമാണ്. കുറച്ച് സ്ഥലം മാത്രമാണ് നികത്തേണ്ടിവരുക. മെഡിക്കല്‍ കോളജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് പൊതുമരാമത്ത് വകുപ്പാണ്. ചട്ടം ലംഘിച്ചാണോ കരാര്‍ നല്‍കിയതെന്ന കാര്യം ഫയല്‍ പരിശോധിച്ചാല്‍ ബോധ്യമാവും. മന്ത്രിമാര്‍ വസ്തുതകള്‍ മനസ്സിലാക്കാതെ പ്രതികരിക്കുന്നത് ബോക്‌സിങ് താരം മുഹമ്മദ് അലിയെ കായികമന്ത്രി അനുസ്മരിച്ചതുപോലെയാവും. പൊതു-സ്വകാര്യ മേഖലയിലാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പൊതു-സ്വകാര്യ മേഖലയില്‍ കേരളത്തില്‍ പദ്ധതികള്‍ വേണ്ടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമവാര്‍ത്തകള്‍ തെറ്റ്: സുധീരന്‍
തിരുവനന്തപുരം: രണ്ടുദിവസമായി നെയ്യാര്‍ ഡാമില്‍ നടന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നതായുള്ള റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. കെപിസിസി അധ്യക്ഷന്‍ മാറണണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ ആ ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശനമല്ല എക്‌സിക്യൂട്ടീവില്‍ നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. യോഗത്തില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. എക്‌സിക്യൂട്ടീവിലെ ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. തോല്‍വി സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തുന്നതിന് സുധീരന്‍ ഡല്‍ഹിക്കു തിരിച്ചു.
Next Story

RELATED STORIES

Share it