പാര്‍ട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ജോണി നെല്ലൂര്‍

കോട്ടയം: യുഡിഎഫില്‍ നിന്ന് പാര്‍ട്ടിക്ക് അര്‍ഹമായ നീതി ലഭിച്ചിട്ടില്ലെന്ന് ജോണി നെല്ലൂര്‍. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്നണിയില്‍ മറ്റൊരു ഘടകകക്ഷിക്കു നേരെയും ഇത്രയും നീതികേട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാരോപണം തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. മദ്യനയം പ്രതീക്ഷിച്ച അനുകൂല സാഹചര്യം മുന്നണിക്ക് ഉണ്ടാക്കിയില്ലെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അഭിപ്രായപ്പെട്ടു.
അടിക്കടി ഉണ്ടായ അഴിമതിയാരോപണങ്ങളും കെപിസിസി പ്രസിഡന്റ് വി എം സുധീരനും വൈസ് പ്രസിഡന്റും നടത്തിയ പ്രസ്താവനകളും യുഡിഎഫിന്റെ പരാജയത്തിന് കാരണമായെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമിതി യോഗത്തിന് ശേഷം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന്റെ പരസ്യപ്രതികരണങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു. മദ്യനയവും പരാജയത്തിന് കാരണമായതായി യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപി-ബിഡിജെഎസ് സഖ്യത്തെ വിലയിരുത്തുന്നതില്‍ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. 2011ല്‍ നാല് സീറ്റ് ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (ജേക്കബ്)ന് ഇക്കുറി സിറ്റിങ് സീറ്റ് മാത്രം നല്‍കി ഒതുക്കുകയായിരുന്നു. തങ്ങളുടെ പാര്‍ട്ടിയോട് നീതികേടാണ് യുഡിഎഫ് നേതൃത്വം കാണിച്ചത്. അത് ഉമ്മന്‍ചാണ്ടി തന്നെ അംഗീകരിച്ചിട്ടുണ്ട്. ഏത് മുന്നണിയിലാണെങ്കിലും ചെറുപാര്‍ട്ടികള്‍ക്ക് രക്ഷയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it