പാര്‍ക് സ്ട്രീറ്റ് കൂട്ടബലാല്‍സംഗം: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

കൊല്‍ക്കത്ത: രണ്ടു മക്കളുള്ള 40 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മൂന്നു പ്രതികള്‍ക്ക് സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

രുമന്‍ഖാന്‍, നാസര്‍ഖാന്‍, സുമിത്ത് ബജാജ് എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ചിരഞ്ചീബ് ഭട്ടാചാര്യ ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യ പ്രതികളായ കാദിര്‍ഖാന്‍, അലി എന്നിവരെ പോലിസിന് പിടികിട്ടിയിട്ടില്ല. പിഴ അടച്ചില്ലെങ്കില്‍ ആറു മാസംകൂടി തടവനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതികള്‍ പിഴയൊടുക്കിയാല്‍ തുക പീഡനത്തിനിരയായ സ്ത്രീയുടെ രണ്ടു പുത്രിമാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2012 ഫെബ്രുവരി അഞ്ചിനാണ് 40കാരിയായ സുസെറ്റ ജോ ര്‍ഡനെ കൊല്‍ക്കത്ത നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാ ര്‍ക് സ്ട്രീറ്റിലെ ഒരു നിശാക്ലബ്ബിനു മുമ്പില്‍ വച്ച് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. പിന്നീട് അവരെ രണ്ടു കിലോമീറ്റര്‍ അകലെ വഴിയില്‍ തള്ളുകയായിരുന്നു. കേസിനോടനുബന്ധിച്ച് പലവട്ടം കോടതിയില്‍ ഹാജരായ സ്ത്രീ തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ തടസ്സമുന്നയിച്ചിരുന്നില്ല. ബലാല്‍സംഗത്തിനിരയായവര്‍ക്ക് പ്രചോദനമാവുന്നതിനാണ് തന്റെ പേര് വെളിപ്പെടുത്തുന്നതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍സെഫെലിറ്റിസ് പിടിപെട്ട് അവര്‍ മരിച്ചു. 2012 ഫെബ്രുവരി 18നാണ് പ്രതികളില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ അവര്‍ ജയിലിലാണ്. കോടതിവിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.
Next Story

RELATED STORIES

Share it