പാരീസില്‍ ചര്‍ച്ച ചെയ്യാത്തത്

ഡോ. എ ലത

195 രാജ്യങ്ങളിലെ നേതാക്കള്‍ ശപഥം എടുത്തു പിരിഞ്ഞു: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കാന്‍ ഇനി വൈകിക്കൂടാ. 2020-25 ആവുമ്പോഴേക്കും അന്തരീക്ഷ താപമാന വര്‍ധനവ് വ്യാവസായിക വിപ്ലവത്തിന്റെ മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് രണ്ടു ഡിഗ്രിയില്‍ താഴെ കൊണ്ടുവരണമെന്നും ധാരണയായി. പാരീസ് കൃത്യമായി നല്‍കുന്ന സന്ദേശം ഇതാണ്: കല്‍ക്കരിയും എണ്ണയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെയും അവയെ ആശ്രയിച്ചു കെട്ടിപ്പടുത്ത സാങ്കേതിക-സാമ്പത്തിക മുന്നേറ്റത്തിന്റെയും കാലം കഴിഞ്ഞു.
അതേസമയം ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ പുഴയെ ആശ്രയിച്ചുള്ള വന്‍കിട ജലവൈദ്യുത പദ്ധതികളെ ക്ലീന്‍ ആന്റ് ഗ്രീന്‍ എനര്‍ജിയുടെ വകുപ്പില്‍പ്പെടുത്തുകയും അവയെ സൗരോര്‍ജത്തെയും കാറ്റില്‍ നിന്നുള്ള ഊര്‍ജത്തെയും പോലെ 'സേഫ്' അഥവാ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്തവയുടെ കൂട്ടത്തില്‍പ്പെടുത്തുകയും ചെയ്തത് തികച്ചും വിരോധാഭാസമായ നിലപാടായിപ്പോയി. പ്രസ്തുത രാജ്യങ്ങളെല്ലാം തന്നെ അവരുടെ റിപോര്‍ട്ടുകളില്‍, ജലവൈദ്യുത പദ്ധതികളുമായി മുമ്പോട്ടു പോവാനുള്ള തീരുമാനം വ്യക്തമാക്കിയിട്ടുണ്ടുതാനും. വന്‍കിട ജലവൈദ്യുത പദ്ധതികളെ ശുദ്ധമായ വികസന തന്ത്രങ്ങളുടെ ഭാഗമായി കണ്ടുകൊണ്ട് ഹരിത കാലാവസ്ഥാ ഫണ്ട് നേടിയെടുക്കാനുള്ള ലോബിയിങ് നടക്കുന്നുമുണ്ട്.
വന്‍കിട ജലവൈദ്യുത പദ്ധതികളെ ഹരിത ഊര്‍ജത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തരുത് എന്നുള്ള ആഹ്വാനവുമായി പുഴ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കി വയ്ക്കുന്ന തിരുത്താനാവാത്ത സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന സംഘടനകളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നടപടികള്‍ക്കെതിരേ പാരിസ് 'സമ്മിറ്റില്‍' ശബ്ദമുയര്‍ത്തുകയും പകരം എങ്ങനെയാണ് കാലാവസ്ഥ മാറ്റത്തെ നേരിടേണ്ടത് എന്നുള്ള കാഴ്ചപ്പാടുകള്‍ മുമ്പോട്ടു വയ്ക്കുകയുമുണ്ടായി.
എന്തുകൊണ്ട് വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഹരിതമല്ലെന്നും അവ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ പ്രാപ്തമല്ലെന്നും വെളിപ്പെടുത്തുന്ന പത്തു കാരണങ്ങള്‍ 53 രാജ്യങ്ങളില്‍ നിന്നുമുള്ള മുന്നൂറില്‍പ്പരം സംഘടനകള്‍ പാരിസ് 'സമ്മിറ്റില്‍' ഒരു ആഗോള മാനിഫെസ്റ്റോയില്‍ മുമ്പോട്ടു വയ്ക്കുകയുണ്ടായി.
അവയില്‍ പ്രധാനപ്പെട്ടവ മാത്രം താഴെ ചേര്‍ക്കുന്നു.
1. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിലകൊള്ളുന്ന ജലവൈദ്യുത പദ്ധതികളുടെ സംഭരണികള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണികളില്‍ നിന്നു പുറന്തള്ളുന്ന മീഥേന്‍ വാതകത്തിന്റെ അളവ് മനുഷ്യന്റെ ഇടപെടലുകള്‍ കാരണം ഉണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ നാലു ശതമാനം കൂടുതല്‍ ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഇടങ്ങളില്‍ ജലസംഭരണികളില്‍ നിന്നു പുറന്തള്ളുന്ന വാതകങ്ങളുടെ തോത് കല്‍ക്കരി നിലയങ്ങളുടെതിനേക്കാള്‍ കൂടുതലാണുതാനും.
2. പ്രതിവര്‍ഷം ഏകദേശം 200 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ആണ് പുഴകള്‍ അന്തരീക്ഷത്തില്‍ നിന്നു വലിച്ചെടുക്കുന്നത്. ഇതിനു പുറമെ ലോകത്തിലെ വലിയ പുഴകള്‍ ഒഴുക്കിന്റെ കൂടെ കടലിലേക്ക് നിരന്തരം എത്തിക്കുന്ന എക്കല്‍ കടലിലെ കാര്‍ബണ്‍ ആഗീകരിക്കുന്ന പ്ലാങ്ക്ടന്‍ പോലുള്ള ജീവികള്‍ക്ക് ആഹാരമാണ്. അണക്കെട്ടുകള്‍ പണിയുമ്പോള്‍ ഇത്തരത്തില്‍ കാര്‍ബണ്‍ സിങ്ക് ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുഴകളുടെ ഒഴുക്ക് ഇല്ലാതാവുകയും അവയ്ക്ക് കടലിലേക്ക് എക്കലും ധാതുലവണങ്ങളും എത്തിക്കുന്ന മഹത്തായ കര്‍മം നിര്‍വഹിക്കാന്‍ കഴിയാതെ പോവുകയും ചെയ്യുന്നു.
3. അകാലത്തില്‍ വരുന്ന വെള്ളപ്പൊക്കങ്ങള്‍ അണക്കെട്ടുകളുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. അമേരിക്കയില്‍ മാത്രം നൂറില്‍പ്പരം അണക്കെട്ടുകള്‍ വെള്ളപ്പൊക്കം മൂലം നാശമായി പോയിരിക്കുന്നു. ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ അണക്കെട്ടുകളുടെ നിര്‍മാണം തന്നെ വെള്ളപ്പൊക്കത്തിന്റെ കെടുതികളുടെ ആഘാതം കൂട്ടാന്‍ കാരണമായിട്ടുണ്ട്. മറുവശത്ത് വര്‍ധിച്ചുവരുന്ന വരള്‍ച്ച ജലവൈദ്യുത പദ്ധതികളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആഫ്രിക്ക മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടുമുണ്ട്.
4. സൗരോര്‍ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജം എന്നിവയെ അപേക്ഷിച്ച് അതിലോലമായ ആവാസവ്യവസ്ഥകളില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കിവയ്ക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ കൂടുതലാണ്. അണക്കെട്ടുകളുടെ നിര്‍മാണവും മറ്റ് ഇടപെടലുകളും കാരണം ശുദ്ധജല ആവാസ വ്യവസ്ഥകളില്‍ വസിക്കുന്ന 76 ശതമാനത്തോളം ജീവികളുടെ നാശമാണു സംഭവിച്ചിട്ടുള്ളതെന്നും അതു കടലിലെയും കരയിലെയും ആവാസവ്യവസ്ഥകള്‍ക്കു സംഭവിച്ചിട്ടുള്ള നാശത്തെക്കാള്‍ കൂടുതലാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥ സംരക്ഷണത്തിന്റെ പേരില്‍ കൂടുതല്‍ അണക്കെട്ടുകള്‍ പണിയുക എന്നത് ഭൂമിയുടെ ശ്വാസകോശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി അതിന്റെ രക്തധമനികളെ നശിപ്പിക്കുന്നതിനു തുല്യമായിരിക്കും.
5. ലോകത്താകമാനം അണക്കെട്ടുകള്‍ കാരണം കുറഞ്ഞത് 4080 ദശലക്ഷം പേരെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. അണക്കെട്ടുകളുടെ താഴെ വസിക്കുന്ന ഏകദേശം 472 ദശലക്ഷം പേരുടെ ജീവിതങ്ങളെ അവ പ്രതികൂലമായി ബാധിച്ചു. വന്‍കിട അണക്കെട്ടുകള്‍ തദ്ദേശീയമായ മനുഷ്യരുടെ പ്രകൃതിവിഭവ സ്രോതസ്സുകളെയും ജീവിതങ്ങളെയും ജീവിതവൃത്തികളെയും അവരുടെ അവകാശങ്ങളെയും സംസ്‌കാരത്തെയും അറിയാനുള്ള അവകാശത്തെയും വരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ ആഘാതം ഏറ്റുവാങ്ങിയിട്ടുള്ള ജനസമൂഹങ്ങള്‍ പലപ്പോഴും മനുഷ്യാവകാശ ലംഘനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടുതാനും.
6. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പലപ്പോഴും വന്‍കിട വ്യവസായങ്ങളുടെയും ഖനന കമ്പനികളുടെയും വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണു സ്ഥാപിക്കപ്പെടുന്നത്. അല്ലാതെ പരക്കെ അവകാശപ്പെടുന്നതുപോലെ പാവപ്പെട്ടവരുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല. മാത്രമല്ല സോളാര്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി, ചെറുകിട വൈദ്യുത പദ്ധതികള്‍ പോലെയുള്ള വികേന്ദ്രീകൃത പദ്ധതികളില്‍ നിന്നു ഭിന്നമായി വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേന്ദ്രീകൃത ഗ്രിഡിനെ ആശ്രയിക്കുന്നതുകൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ വേണ്ട ഏറ്റവും ലാഭകരമായ മാര്‍ഗമല്ല.
7. എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ വളരെ ചെലവുള്ളതും ഒരുപാടു കാലംകൊണ്ടു മാത്രം പണി തീരുന്നവയുമാണ്. വലിയ അണക്കെട്ടുകളുടെ ശരാശരി പദ്ധതിച്ചെലവില്‍ 96 ശതമാനം വരെയും പദ്ധതി തീര്‍ക്കാനുള്ള സമയത്തില്‍ 44 ശതമാനം വരേയും വര്‍ധനവ് വരാറുണ്ടെന്നാണു കണക്ക്. അതേസമയം സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുടെ ഉല്‍പാദനത്തിലും ശരാശരി ഉല്‍പാദന ചെലവു വര്‍ധനവ് പത്തു ശതമാനത്തില്‍ താഴെ മാത്രമാണ്.
8. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ്. അതുകൊണ്ടു തന്നെ, സോളാര്‍ പദ്ധതികളെ അപേക്ഷിച്ച് കാലാവസ്ഥ ഫണ്ടിങ് ഇനി വന്‍കിട ജലവൈദ്യുത പദ്ധതികളില്‍ നിക്ഷേപിക്കുന്നത് സാമ്പത്തികമായി അഭികാമ്യമല്ലതാനും. കാറ്റില്‍ നിന്നുള്ള ഊര്‍ജവും സോളാര്‍ പദ്ധതികളും സാമ്പത്തിക ഇന്‍വെസ്റ്റ്‌മെന്റിന്റെ കാര്യത്തിലായാലും ലഭ്യതയുടെ കാര്യത്തിലായാലും വന്‍കിട ജലവൈദ്യുത പദ്ധതികളെ അപേക്ഷിച്ച് വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ വൈദ്യുതി സംഭരിക്കുന്ന ബാറ്ററികളുടെ വില താഴ്ന്നുവരുമ്പോള്‍ പുതിയ അണക്കെട്ടുകള്‍ക്ക് പ്രസക്തി ഇല്ലാതാവും.
കാലാവസ്ഥ 'സമ്മിറ്റി'ന്റെ അകംപൊരുളുകള്‍ തുറന്നു വരുന്നതേയുള്ളൂ. അതിന്റെ രാഷ്ട്രീയ- സാമ്പത്തിക വശങ്ങളിലേക്കു പോവാതെ തന്നെ ഒരു കാര്യം വ്യക്തമാണ്. മനുഷ്യകുലത്തിന് ഇനി ഭൂമിയില്‍ ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ പ്രകൃതിവിഭവങ്ങളെ വളരെ കരുതലോടെ, ആദരവോടെ, ദീര്‍ഘവീക്ഷണത്തോടെ ഉപയോഗിക്കേണ്ടിവരും. പുഴകളും കാടും അവയില്‍ ഏറ്റവും പ്രധാനമായ ഘടകങ്ങള്‍ ആണുതാനും. ശ്വാസംമുട്ടി ഇഞ്ചിഞ്ചായി മരിക്കുന്ന പുഴകളെ പുനര്‍ജീവിപ്പിക്കുന്നതും കാലാവസ്ഥ മാറ്റത്തിന്റെ ആഘാതങ്ങളെ ചെറുക്കാനുമുള്ള ഒരു പ്രധാന വഴിയാണ്. $
Next Story

RELATED STORIES

Share it