പാരിസ്: 23 പേര്‍ അറസ്റ്റില്‍

പാരിസ്: പാരിസില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ 168 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 23 പേരെ  അറസ്റ്റ് ചെയ്തു. 104 പേരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. നിരവധി ആയുധങ്ങളും കണ്ടെത്തി. 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ബെല്‍ജിയം പൗരനായ അബ്ദുല്‍ ഹാമിദ് അബൗദ് ആണെന്നാണ് ഫ്രാന്‍സിന്റെ നിഗമനം. ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഫ്രഞ്ച് പൗരന്റെ ചിത്രം പോലിസ് പുറത്തുവിട്ടു. സലാഹ് അബ്ദുസ്സലാം എന്ന 26കാരന്റെ ചിത്രമാണ് ഫ്രഞ്ച് പോലിസ് പുറത്തുവിട്ടത്. ആക്രമണവുമായി ബന്ധമുള്ള മൂന്നു സഹോദരന്‍മാരില്‍ ഒരാള്‍ ഇയാളാണെന്നാണ് പോലിസ് നിഗമനം. ആക്രമണത്തില്‍ പങ്കെടുത്ത ഏഴു പേരില്‍ അഞ്ചു പേരെയും തിരിച്ചറിഞ്ഞതായും അധികൃതര്‍ പറഞ്ഞു. സംഗീതഹാളില്‍ ഇസ്മായീല്‍ ഉമര്‍ മുസ്തഫ (29), അഹ്മദ് അല്‍ മുഹമ്മദ് (25) എന്നിവരാണ് സ്വയം പൊട്ടിത്തെറിച്ചത്. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു പുറത്ത് അഹ്മദ് അല്‍ മുഹമ്മദാണ് ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയത്. ഇയാളുടെ സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടിലെ വിരലടയാളം ഉപയോഗിച്ചാണ് അഹ്മദിനെ തിരിച്ചറിഞ്ഞത്. ഹലീല്‍ ഹഫ്ദി എന്നയാളും സ്റ്റേഡിയത്തിനു പുറത്ത് ആക്രമണത്തില്‍ പങ്കെടുത്ത് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബുലുവാ പോള്‍ത്തെയറില്‍ ഇബ്രാഹീം അബ്ദുസ്സലാം എന്ന 31കാരനാണ് ആക്രമണം നടത്തിയത്. അക്രമികള്‍ക്കായുള്ള തിരച്ചിലില്‍ ഫ്രാന്‍സിനൊപ്പം ബെല്‍ജിയവും പങ്കാളിയാവുമെന്ന് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബെല്‍ജിയം ബന്ധമുണ്ടെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്നാണിത്. അതിനിടെ പാരിസ് ആക്രമണത്തെത്തുടര്‍ന്ന് സിറിയയില്‍ ഫ്രാന്‍സിന്റെ ആക്രമണം ശക്തമാക്കി. 10 യുദ്ധവിമാനങ്ങളടക്കം 12 വിമാനങ്ങള്‍ ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ 20 തവണ ബോംബുകള്‍ വര്‍ഷിച്ചതായി ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു. റഖാ സിറ്റിയിലെ ഐഎസ് പരിശീലനകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. അതിനിടെ, ഇന്നലെ പുറത്തുവന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ സന്ദേശത്തില്‍, വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുണ്ട്. അതേസമയം, പാരിസ് ആക്രമണം ആസൂത്രണം ചെയ്തത് സിറിയയിലാണെന്നും ഫ്രഞ്ച് പൗരന്റെ സഹായം ആക്രമണത്തിന് ഉണ്ടായിരുന്നതായും പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പറഞ്ഞു.
Next Story

RELATED STORIES

Share it