പാരിസ് സാക്ഷ്യം വഹിച്ചത് ഫ്രഞ്ച് ചരിത്രത്തിലെ വന്‍ ആക്രമണത്തിന്

പാരിസ്: ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിനാണ് കഴിഞ്ഞദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. യൂറോപ്പിന്റെ സാംസ്‌കാരിക നഗരമെന്ന ഖ്യാതിയുള്ള പാരിസ് നിണമൊഴുകുന്ന നഗരമായി മാറിയത് ഒറ്റ രാത്രി കൊണ്ടാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് സിറിയയിലെ ഇടപെടലിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് അറിയിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസ് ജനുവരിയില്‍ സായുധസംഘം ആക്രമിച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മാസികയുടെ 12 പ്രവര്‍ത്തകരെ വധിച്ചിരുന്നു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1961 ജൂണ്‍ 18ന് അര്‍ധസൈനിക വിഭാഗം സഞ്ചരിച്ച എക്‌സ്പ്രസ് ട്രെയിനിനു നേരെ നടന്ന ബോംബാക്രമണമായിരുന്നു ഫ്രാന്‍സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം. അന്ന് 28 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2012ല്‍ ഫ്രഞ്ച് സേനയ്ക്കും ജൂത വംശജര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു.
ഫ്രാന്‍സിന്റെ പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പല ഇടപെടലുകളും ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഭക്ഷണശാല, തിയേറ്റര്‍, നിശാ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളെയാണ് സായുധ സംഘം ലക്ഷ്യംവയ്ക്കുന്നത്. പൊതുജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയും ബന്ദികളാക്കുകയും ചെയ്യുന്നതാണ് ഫ്രാന്‍സില്‍ നടന്ന ആക്രമണങ്ങളുടെ പൊതു സ്വഭാവം. മരണം 130 ഓളമെത്തിയ സംഭവത്തില്‍ അക്രമികളെ കീഴടക്കാന്‍ കഴിയാത്തത് ആക്രമണം ആസൂത്രണം ചെയ്തതിന്റെ വ്യാപ്തി വളരെ വലുതാണെന്നു വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it