Second edit

പാരിസ് സമ്മേളനം

നവംബര്‍ 30ന് പാരിസില്‍ ലോകനേതാക്കള്‍ സമ്മേളിക്കുകയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റും ഭീകരതയും ഒന്നുമല്ല അവരെ ഒന്നിപ്പിച്ചുകൊണ്ടുവരുന്നത്. അതിനേക്കാളൊക്കെ ഭയാനകമായ ഭീഷണിയാണ്- ആഗോള താപനം.
ഉച്ചകോടി നടക്കുന്ന വര്‍ഷം 2015 ലോകചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി ഇതിനകം തന്നെ റെക്കോഡ് സ്ഥാപിച്ചുകഴിഞ്ഞു. 1880ലാണ് നാസ താപനം സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചു രേഖപ്പെടുത്തിവയ്ക്കാന്‍ തുടങ്ങിയത്. കണക്കുകള്‍ പ്രകാരം ഏറ്റവും കടുത്ത ചൂട് ലോകം അഭിമുഖീകരിച്ചത് ഈ വര്‍ഷമാണ്. എന്നാല്‍, 2015 തോല്‍പിച്ചത് 2014ന്റെ റെക്കോഡാണ്. അടുത്ത വര്‍ഷം ഈ റെക്കോഡും ഭേദിക്കപ്പെടുമെന്ന് ഗവേഷകര്‍ ഇതിനകം തന്നെ പ്രവചിച്ചുകഴിഞ്ഞു.
എന്താണ് താപന കാരണം എന്ന് ലോകര്‍ക്കൊക്കെ അറിയാം. കല്‍ക്കരിയും എണ്ണയും ഉപയോഗിച്ചുള്ള വികസനമല്‍സരം തന്നെയാണ് ലോകത്തെ അപകടത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു ഡിഗ്രി സെന്റിഗ്രേഡ് കൂടി ചൂട് ലോകം നേരിടേണ്ടിവരും.
അത് പ്രകൃതിക്ക് താങ്ങാനാവില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ജീവനാശം സംഭവിക്കും. അവരുടെ കൃഷിയിടങ്ങളും ഭവനങ്ങളും നശിക്കും. കടല്‍ജലനിരപ്പ് ഉയരും. കോടികള്‍ അഭയാര്‍ഥികളാവും. ഇതെല്ലാം 21ാം നൂറ്റാണ്ടില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ്. അതു തടയാന്‍ ശക്തമായ നടപടികള്‍ വേണം. പക്ഷേ, അത്തരം നീക്കങ്ങള്‍ക്ക് പാരിസ് സമ്മേളനം തുടക്കമിടുമോ? സാധ്യത തുലോം പരിമിതമാണ്.
Next Story

RELATED STORIES

Share it